തൃശൂർ: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ സംശയവും ദുരൂഹതയും ഉണർത്തുന്നുവെന്നും ഭരണകക്ഷിയോട് അമിതവിധേയത്വം പുലർത്തുന്നുവെന്നും മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെതൽവാദ് പറഞ്ഞു. പ്രൊഫ.വി.അരവിന്ദാക്ഷൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അവർ.
'ഫെഡറലിസം, ഭാഷാനീതി, ബഹുസ്വരത ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം' എന്ന വിഷയത്തിലായിരുന്നു അവരുടെ പ്രഭാഷണം. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി, യുക്തിരഹിതമായി നടത്തിയ ഒന്നായിരുന്നു. വോട്ടിംഗിന്റെ കണക്ക് യഥാസമയം പുറത്തുവിടുന്നില്ല. പതിവിന് വിരുദ്ധമായി വോട്ടിംഗിന്റെ എണ്ണത്തിന് പകരം ശതമാനക്കണക്കാണ് പുറത്തുവിടുന്നത്. പ്രൊഫ.വി.അരവിന്ദാക്ഷൻ സ്മാരക പുരസ്‌കാരം എം.എ.ബേബി ടീസ്റ്റയ്ക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ പ്രൊഫ.വി.അരവിന്ദാക്ഷനെ അനുസ്മരിച്ചു. 'ഇന്ത്യയുടെ ബഹുസ്വരത ' എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിൽ വിജയികളായ ശ്രേയ ശ്രീകുമാർ, ജിഫിൻ ജോർജ്, ടി.പി.അമ്പിളി എന്നിവർക്ക് സമ്മാനവിതരണം നടത്തി. ഡോ.എൻ.ദിവ്യ, ഡോ.പി.രൺജിത്ത്, പി.എസ്.ഇക്ബാൽ, സി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |