ഇന്ത്യ-കിവീസ് ടെസ്റ്റിന്റെ ആദ്യദിനം മഴയെടുത്തു
ബെംഗളുരു : ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഒരു പന്തുപോലും എറിയാൻ മഴ സമ്മതിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മഴയുണ്ടായിരുന്നതിനാൽ ഇന്നലെ ടെസ്റ്റ് തുടങ്ങുന്നത് സംശയത്തിലായിരുന്നു. രാവിലെ നേർത്ത രീതിയിൽ പെയ്തിരുന്ന മഴ ഉച്ചയോടെ ശമിക്കുന്ന ലക്ഷണം കാണിച്ചു. ഇതോടെ ലഞ്ചിന് ശേഷം കളിനടക്കുമെന്ന പ്രതീതിയുണ്ടായി. എന്നാൽ രണ്ടരയോടെ കനത്ത മഴ വീണ്ടും പെയ്തിറങ്ങിയതോടെ ആദ്യദിനം മഴയ്ക്ക് തന്നെ വിട്ടുകൊടുത്ത് കളിക്കാർ ടീം ഹോട്ടലുകളിലേക്ക് മടങ്ങി.
മഴ മാറിയാൽ കളി,
നിയമവും മാറും
ഇന്നലെ ടോസ് പോലും നടക്കാത്തതിനാൽ ഇന്ന് മഴ അനുവദിച്ചാൽ നാലു ദിവസ ടെസ്റ്റ് മത്സരമായാകും കളി തുടങ്ങുക.
ഇതനുസരിച്ച് ഫോളോ ഓൺ ചെയ്യിപ്പിക്കാൻ ആദ്യ ഇന്നിംഗ്സിൽ എതിരാളികളുടെ ടീം സ്കോറുമായി 200 റൺസിന്റെ വ്യത്യാസം വേണ്ടിവരില്ല. 150 റൺസിന്റെ വ്യത്യാസം മതി.
ഇനിയുള്ള നാലുദിവസവും രാവിലെ 15 മിനിട്ട് നേരത്തേ കളി തുടങ്ങും. വൈകിട്ട് 15 മിനിട്ട് വൈകിയേ അവസാനിപ്പിക്കൂ. സ്ളോ ഓവർ റേറ്റ് പരിഹരിക്കാൻ അധികം അരമണിക്കൂർ കൂടി വേണമെങ്കിലും കളി ദീർഘിപ്പിക്കാം.
98
ഓവർ ഒരു ദിവസം പരമാവധി എറിയിക്കാനാണ് മാച്ച് റഫറി മാരുടെ തീരുമാനം.
9.15 am മുതൽ സ്പോർട്സ് 18ലും ജിയോ സ്പോർട്സിലും ലൈവ്
മഴ ശീലമായി
ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ രണ്ടാഴ്ചമുമ്പ് കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ട് ദിവസം മഴയെടുത്തിരുന്നു. അതിനുമുമ്പ് ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിൽ ഗ്രേറ്റർ നോയ്ഡയിൽ നിശ്ചയിച്ചിരുന്ന ഏക ടെസ്റ്റിൽ മഴ കാരണം ഒറ്റപ്പന്തും എറിയാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |