തൃശൂർ : സ്ഥാനാർത്ഥി പ്രഖ്യാപനമായതോടെ മണ്ഡലത്തിൽ സജീവമായി രമ്യ ഹരിദാസ്. ഇന്നലെ രാവിലെ കൈപ്പത്തി ചിഹ്നം പ്രതിഷ്ഠയുള്ള പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു നിയമസഭയിലേക്ക് കന്നി മത്സരത്തിനിറങ്ങുന്ന രമ്യ ഹരിദാസ് പ്രചരണത്തിന് തുടക്കമിട്ടത്. തുടർന്ന് ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രം, കാളിയാർറോഡ് നേർച്ച നടക്കുന്ന പള്ളി എന്നിവിടങ്ങളിൽ ദർശനം നടത്തി.
ഉച്ചയോടെ ഡി.സി.സിയിലെത്തിയ സ്ഥാനാർത്ഥിയെ മുൻ പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ തുടങ്ങിയവർ ചേർന്ന് ത്രിവർണ്ണ ഷാളണിയിച്ച് സ്വീകരിച്ചു.
ഡി.സി.സി സന്ദർശനത്തിനു ശേഷം മുരളി മന്ദിരത്തിൽ ലീഡറുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെത്തി പ്രവർത്തകരെയും മുതിർന്ന നേതാക്കളെയും കണ്ട് അനുഗ്രഹം.
ജനങ്ങൾ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ചേലക്കരയിലുണ്ടാകുമെന്ന്
രമ്യ ഹരിദാസ് കേരള കൗമുദിയോട് പ്രതികരിച്ചു. യു.ഡി.എഫ് വരണമെന്ന് ചെങ്കൊടി പിടിക്കുന്ന സാധാരണ സി.പി.എമ്മുകാരൻ പോലും ആഗ്രഹിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ഇവിടത്തുകാർക്ക് ഒപ്പം താനുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന നിലയിൽ തനിക്കുണ്ടാക്കാൻ കഴിഞ്ഞ മുന്നേറ്റത്തെക്കുറിച്ച് പറഞ്ഞ രമ്യ, പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |