തിരുവനന്തപുരം: ഗവർണർ പിരിച്ചുവിടാൻ നോട്ടീസ് നൽകി ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥിനെ സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയാക്കണമെന്ന് ഗവർണർക്ക് സർക്കാരിന്റെ ശുപാർശ. 24നാണ് സജിയുടെ കാലാവധി പൂർത്തിയാവുന്നത്. സാങ്കേതിക വാഴ്സിറ്റിയുടെ താത്കാലിക ചുമതല ഇപ്പോൾ സജിക്കാണ്. ഡിജിറ്റൽ വാഴ്സിറ്റിയിൽ സെർച്ച് കമ്മിറ്റി ഒഴിവാക്കിയുള്ള നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയാണ് സജിയെ പുറത്താക്കാൻ ഗവർണർ നോട്ടീസ് നൽകിയിരുന്നത്. സജിഗോപിനാഥ് അടക്കം 3പേരുടെ പാനലാണ് ഗവർണർക്ക് നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി. ആർ.ഷാലിജ്, ഗവ. എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരാണ് മറ്റുള്ളവർ. കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ ഉത്തരവിൽ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിക്കാനിടയില്ല. ഗവർണർ ആവശ്യപ്പെടാതെയാണ് സർക്കാർ പാനൽ അയച്ചതെന്ന് രാജ്ഭവൻ വ്യക്തമാക്കി. കാലിക്കറ്റ് വി.സിയുടെ ചുമതല നൽകാൻ സർക്കാർ നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |