കൊണ്ടോട്ടി : എടവണ്ണപ്പാറ ടൗണിൽ ട്രാഫിക് കുരുക്ക് നിത്യസംഭവമാവുന്നു. റോഡിന്റെ വീതിക്കുറവ് ഗതാഗതപ്രശ്നം രൂക്ഷമാക്കുന്നതിനൊപ്പം അപകടങ്ങളും കൂട്ടുന്നു. അശാസ്ത്രീയ കെട്ടിട നിർമ്മാണം, കച്ചവട സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ അനധികൃത പാർക്കിംഗ് എന്നിവയും കുരുക്ക് കൂട്ടുന്നുണ്ട്.
വിദ്യാർത്ഥികൾ , ആശുപത്രികളിലേക്ക് അടിയന്തരമായി പോകുന്നവർ,തുടങ്ങിയവരെല്ലാം ഗതാഗതക്കുരുക്കിൽ വലയുകയാണ്. വിവിധ സ്കൂളുകളിലേക്കായി നിരവധി വിദ്യാർത്ഥികൾ കടന്നുപോവുന്നത് എടവണ്ണപ്പാറ ടൗൺ വഴിയാണ്. ഗതാഗതക്കുരുക്ക് കാരണം വൈകിട്ട് വീടുകളിലെത്തുന്നത് പലപ്പോഴും വൈകിയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. വാഴക്കാട് പഞ്ചായത്തിൽ പുതുതായി രണ്ട് പാലങ്ങൾ അനുവദിച്ചു കിട്ടിയപ്പോൾ അതിനൊത്ത റോഡ് വികസനം ഉണ്ടായിട്ടില്ലെന്ന ആരോപണം ശക്തമാണ്.
റിംഗ് റോഡ്, ഓവർ ബ്രിഡ്ജ്, ബൈപ്പാസ് നിർമ്മാണം എന്നിവ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എടവണ്ണപ്പാറയിൽ റോഡരികിൽ 81ഓളം കൈയേറ്റങ്ങൾ കണ്ടെത്തിയിട്ടും പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അടിയന്തര പദ്ധതിയായി പ്രധാനമായും മിനി ബൈപ്പാസ് ആണ് മനസിലുള്ളത്. ദീർഘ കാലാടിസ്ഥാനത്തിൽ റിംഗ് റോഡും പരിഗണിക്കുന്നുണ്ട്. ടൗണിൽ നിന്ന് അകലം പാലിച്ചാണ് റിംഗ് റോഡ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.
അഡ്വ : എം.കെ. നൗഷാദ്
വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
റിംഗ് റോഡ് യാഥാർത്ഥ്യമാക്കാനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. എടവണ്ണപ്പാറ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭാവി മുന്നിൽകണ്ടുള്ള നൂതന പദ്ധതികൾ അനിവാര്യമാണ്.
നൗഷാദ് വട്ടപ്പാറ
എടവണ്ണപ്പാറ യൂണിറ്റ് ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |