അബുജ: വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 147 പേർക്ക് ദാരുണാന്ത്യം. റോഡിൽ മറിഞ്ഞ ടാങ്കറിലെ പെട്രോൾ ശേഖരിക്കാൻ ഓടിക്കൂടിയവരാണ് മരിച്ചത്. 100ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ജിഗാവ സ്റ്റേറ്റിലെ മാജിയ നഗരത്തിലായിരുന്നു സംഭവം.
കാനോയിൽ നിന്ന് യോബെ സ്റ്റേറ്റിലെ എൻഗുരുവിലേക്ക് പോയ ടാങ്കർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് റോഡിൽ നിയന്ത്രണംതെറ്റി മറിഞ്ഞു. പിന്നാലെ അപകട സ്ഥലത്ത് നിന്ന് മാറിനിൽക്കണമെന്ന് ജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ ടാങ്കറിലെ പെട്രോൾ ചോർത്താൻ നൂറുകണക്കിന് ആളുകൾ മേഖലയിലേക്ക് ഇരച്ചെത്തുകയും ഇതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ടാങ്കറിന്റെ ഡ്രൈവറെ പൊലീസ് പൊട്ടിത്തെറിക്ക് മുന്നേ കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ചവരിൽ പലരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. നൈജീരിയയിൽ മുമ്പും പല തവണ ഇത്തരം ടാങ്കർ അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |