സർക്കാർ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദാംശങ്ങളും പൗരന്മാർക്ക് ഔദ്യോഗികമായിത്തന്നെ അറിയാൻ അവകാശം നൽകുന്നതാണ് വിവരാവകാശ നിയമമെങ്കിലും, പലപ്പോഴും രാഷ്ട്രീയമോ അല്ലാത്തതോ ആയ കാരണങ്ങളാൽ എന്തെങ്കിലും വിവരമോ നടപടിക്രമമോ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ ഉപയോഗിക്കപ്പെടുന്നതാണ് വിവരാവകാശ നിമയത്തിലെ 24 (4) എന്ന വകുപ്പ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപങ്ങളെക്കുറിച്ചുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുംമുമ്പ്, ഒരു വാർത്താ മാദ്ധ്യമം റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു.
വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ട വിവരങ്ങൾ സെക്രട്ടേറിയറ്റിലെയും പൊലീസ് ആസ്ഥാനത്തെയും സീക്രട്ട് സെക്‌ഷനുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഈ ഓഫീസ് സെക്ഷനുകളെ വിവരാവകാശ നിയമത്തിലെ 24 (4) വകുപ്പ് പ്രകാരം നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണെന്നുമായിരുന്നു അന്ന് അപേക്ഷർക്കു നൽകിയ മറുപടി. ഈ വകുപ്പ് പ്രകാരം രഹസ്യാന്വേഷണ സ്ഥാപനങ്ങളെയും സുരക്ഷാ സ്ഥാപനങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. ഇതനുസരിച്ച് ഇരുപത്തഞ്ചോളം കേന്ദ്ര രഹസ്യാന്വേഷണ, സുരക്ഷാ സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. സംസ്ഥാന സർക്കാർ ആകട്ടെ,ചില സ്ഥാപനങ്ങൾക്കു പുറമേ സെക്രട്ടേറിയറ്റിലെയും പൊലീസ് ആസ്ഥാനത്തെയും വിജിലൻസ് വകുപ്പിലെയും ചില ഓഫീസ് സെക്ഷനുകളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
ആ വകുപ്പ്
എന്താണ്?
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന രഹസ്യ അന്വേഷണ സ്ഥാപനങ്ങളെയും രാജ്യ സുരക്ഷാ സ്ഥാപനങ്ങളെയുമാണ് 24-ാം വകുപ്പ് പ്രകാരം നിയമത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുക. സർക്കാർ വകുപ്പുകളിലെ ഓഫീസ് സെക്ഷനുകളെ ഈ വകുപ്പ് പ്രകാരം നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നിയമം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്താൽ സർക്കാരിന് രഹസ്യമായി സൂക്ഷിക്കണമെന്നു താത്‌പര്യമുള്ള ഫയലുകൾ ഈ ഓഫീസ് സെക്ഷനുകളിലേക്ക് മാറ്റിക്കൊണ്ട്, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കാൻ സാധിക്കും. സംസ്ഥാനത്തെ പൊലീസ്, വിജിലൻസ് ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിലും ഈ വിധത്തിൽ വിവരം നിരസിക്കുന്നത് പതിവായിട്ടുണ്ട്. ഓഫീസ് സെക്ഷനുകളെ 24 (4) വകുപ്പ് നൽകുന്ന അധികാരം ഉപയോഗിച്ച് നിയമത്തിൽ നിന്നൊഴിവാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി ദുരുദ്ദേശ്യപരവും ദുരുപദിഷ്ടവുമാണെന്ന കാര്യത്തിൽ സംശയമില്ല.
വിവരം നിരസിച്ചുകൊണ്ട് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ നൽകുന്ന മറുപടിയിൽ തൃപ്തിയില്ലാത്തപക്ഷം മേലുദ്യോഗസ്ഥനായ അപ്പീൽ അധികാരി മുമ്പാകെയും, വിവരാവകാശ കമ്മിഷൻ മുമ്പാകെയും അപ്പീലുകൾ സമർപ്പിക്കാൻ അപേക്ഷകന് അവകാശമുണ്ട്. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിന്റെ നിയമസാധുത ചോദ്യംചെയ്തുകൊണ്ട് സമർപ്പിക്കുന്ന അപ്പീലിൽ സർക്കാർ ഉദ്യോഗസ്ഥനായ ഒന്നാം അപ്പീൽ അധികാരിക്ക്, സർക്കാരിന് ഹിതകരമാകാത്ത തീരുമാനമെടുക്കാൻ സാധിക്കുകയില്ലല്ലോ. ഇതിനകം രാഷ്ട്രീയവത്കരിക്കപ്പെട്ടു കഴിഞ്ഞ വിവരാവകാശ കമ്മിഷൻ സർക്കാരിന്റെ താത്‌പര്യങ്ങൾക്കു നിരക്കാത്ത വിധത്തിൽ തീരുമാനമെടുക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.
മറ പിടിക്കാൻ
കുറുക്കുവഴി
സംസ്ഥാന ഫോറൻസിക് ലാബ്, ഫിംഗർ പ്രിന്റ് ബ്യൂറോ തുടങ്ങി എട്ട് സ്ഥാപനങ്ങളെയും, പൊലീസ് വിഭാഗങ്ങളെയും സംസ്ഥാന സർക്കാർ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഫോറൻസിക് ലാബും ഫിംഗർ പ്രിന്റ് ബ്യൂറോയും എന്തെങ്കിലും രഹസ്യാന്വേഷണമോ രാജ്യസുരക്ഷാ പ്രവർത്തനമോ നടത്തുന്നതായി ആ സ്ഥാപനങ്ങൾ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. സംസ്ഥാന പൊലീസിന്റെ കുറ്റാന്വേഷണങ്ങൾക്ക് സഹായം നൽകുന്ന ഈ സ്ഥാപനങ്ങളെ രഹസ്യാന്വേഷണ സുരക്ഷാ സ്ഥാപനങ്ങളായി ദുർവ്യാഖ്യാനം ചെയ്ത് വിവരം നിഷേധിക്കുന്നത് ജനങ്ങളുടെ വിവരാവകാശത്തിനു നേരെയുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ.
രാജ്യത്തിന്റെ അഖണ്ഡതയേയോ സുരക്ഷയേയോ ദോഷകരമായി ബാധിക്കുന്നതോ, കുറ്റാന്വേഷണങ്ങളെ തടസപ്പെടുത്തുന്നതോ, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് തടസമാകുന്നതോ ആയ വെളിപ്പെടുത്തലുകൾ ഒഴിവാക്കേണ്ടതാണെന്ന് നിയമത്തിലെ 8 (1) (എ), 8 (1) (എച്ച്) വകുപ്പുകളിൽ നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ നിയമ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്ത് പിൻവാതിലിലൂടെ വിവരം നിഷേധിക്കുന്ന സർക്കാർ നടപടി തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐയെ രഹസ്യാന്വേഷണ സുരക്ഷാ വിഭാഗത്തിൽപ്പെടുത്തി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവരാവകാശ നിയമം ദുർവ്യാഖ്യാനം ചെയ്ത് സാധാരണ പൊതു സ്ഥാപനങ്ങളെയും, ഓഫീസ് സെക്ഷനുകളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളുടെ നിയമസാധുത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |