തിരുവനന്തപുരം: ഇന്ത്യൻ കുപ്പായത്തിൽ ട്വന്റി-20 സെഞ്ച്വറി നേടിയതിന്റെ ആവേശത്തിലുള്ള സഞ്ജു സാംസണിനെയും ഒപ്പം കൂട്ടി കേരളം ഇന്ന് കർണാടകയ്ക്ക് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിറങ്ങും. ബാംഗ്ലൂർ അലൂർ സ്‌റ്റേഡിയത്തിലാണ് കളി. കഴിഞ്ഞവാരം തുമ്പയിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ എട്ടുവിക്കറ്റിന് കീഴടക്കിയിരുന്നു.ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയശേഷമായിരുന്നു കേരളത്തിന്റെ ജയം.
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള അവസരം ലക്ഷ്യമിട്ടാണ് താൻ രഞ്ജി ട്രോഫിയിൽ കളിക്കുന്നതെന്ന് സഞ്ജു പറഞ്ഞിരുന്നു. രോഹന്‍ കുന്നുമ്മൽ, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, സച്ചിൻ ബേബി എന്നിവർക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ കേരളത്തിന്റെ ബാറ്റിംഗ് നിരയ്ക്ക് ശക്തിയേറും. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്റെ ബൗളിംഗ് നിര. മറുനാടൻ താരങ്ങളായ ആദിത്യ സർവാതെ, ജലജ് സക്സേന തുടങ്ങിയവരും പഞ്ചാബിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഇന്ത്യൻ താരം മായങ്ക് അഗർവാളാണ് കർണാടകയുടെ ക്യാപ്ടൻ. മനീഷ് പാണ്ഡെ,മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കൽ,ശ്രേയസ് ഗോപാൽ,പ്രസിദ്ധ് കൃഷ്ണ,നിഖിൻ ജോസ് തുടങ്ങിയവരാണ് കർണാടകയുടെ പ്രമുഖ താരങ്ങൾ.മദ്ധ്യപ്രദേശുമായുള്ള കർണാടകയുടെ ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
എലൈറ്റ് ഗ്രൂപ്പ് സിയിൽ ഏഴുപോയിന്റുമായി ഹരിയാന ഒന്നാമതും ആറുപോയിന്റുമായി കേരളം രണ്ടാമതുമാണ്. ഒരുപോയിന്റുള്ള കർണാടക അഞ്ചാമതും.
ടീമുകൾ ഇവരിൽ നിന്ന്
കേരളം : സച്ചിൻ ബേബി( ക്യാപ്ടൻ), സഞ്ജു വി സാംസൺ , രോഹൻ കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രൻ , മൊഹമ്മദ് അസറുദ്ദീൻ , സൽമാൻ നിസാർ , വത്സൽ ഗോവിന്ദ് , വിഷ്ണു വിനോദ് , ബേസിൽ എൻ.പി , ജലജ് സക്സേന , ആദിത്യ സർവാതെ , ബേസിൽതമ്പി , നിഥീഷ് എം.ഡി , ആസിഫ് കെ.എം , ഫായിസ് ഫനൂസ് .
ഇന്ത്യൻ മുൻ താരം അമേയ് ഖുറേസിയ ആണ് ടീമിന്റെ പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |