ന്യൂഡൽഹി: ഹരിയാനയിൽ നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
പഞ്ച‌്കുള ദസറ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ബന്ദാരു ദത്താത്രേയ നയാബ് സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പിയുടെ തുടർച്ചയായ മൂന്നാം സർക്കാരും മുഖ്യമന്ത്രി പദത്തിൽ സൈനിയുടെ രണ്ടാമൂഴവുമാണ്.
മന്ത്രിമാരായി അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, ശ്രുതി ചൗധരി, ആരതി സിംഗ് റാവു, അരവിന്ദ് കുമാർ ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ സിംഗ് ഗാംഗ്വ, കൃഷൻ ബേദി, രാജേഷ് നഗർ, ഗൗരവ് ഗൗതം തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു. ശ്രുതി ചൗധരി മുൻ മുഖ്യമന്ത്രി ബൻസിലാലിന്റെ കൊച്ചുമകളും ബി.ജെ.പി നേതാവ് കിരൺ ചൗധരിയുടെ മകളുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ബി.ജെ.പി മുഖ്യമന്ത്രിമാരായ മോഹൻ യാദവ്, യോഗി ആദിത്യനാഥ്, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്‌നാഥ് ഷിൻഡെ, എൻ. ബിരേൻ സിംഗ്,പുഷ്കർ സിംഗ് ധാമി,
ഹിമന്ത ബിശ്വ ശർമ്മ, ഭൂപേന്ദ്ര പട്ടേൽ, കോൺറാഡ് സാങ്മ, വിഷ്ണു ദേവ് സായി, പ്രമോദ് സാവന്ത്, പേമ ഖണ്ഡു, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എൻ.ഡി.എ നേതാക്കൾ എന്നിവർ സാക്ഷികളായി.
സത്യപ്രതിജ്ഞ തടയണമെന്ന ഹർജി തള്ളി
ഹരിയാനയിലെ സത്യപ്രതിജ്ഞയ്‌ക്ക് മണിക്കൂറുകൾക്ക് മുൻപ് ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജി വിമർശനത്തോടെ സുപ്രീംകോടതി തള്ളി. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ആരോപണമുയർന്ന 20 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെന്തു തരം ഹർജിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്നാണോ പറയുന്നത് ? പിഴയീടാക്കി തള്ളേണ്ട ഹർജിയാണെന്നും വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |