മലപ്പുറം: കഴിഞ്ഞ രണ്ട് മാസത്തെ വേതനം ലഭിക്കാതെ ജില്ലയിലെ 2,478 റേഷൻ വ്യാപാരികൾ ദുരിതത്തിൽ. ജൂലായിലാണ് അവസാനമായി വേതനം ലഭിച്ചത്. കഴിഞ്ഞ മാർച്ച് വരെ എല്ലാ മാസവും പകുതിയാകുമ്പോഴേക്കും ലഭിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുന്ന സ്ഥിതിയായി. ഒരു വ്യാപാരിക്ക് ഏകദേശം 12,000 രൂപ മുതൽ 60,000 രൂപ വരെയാണ് ലഭിക്കാനുള്ളത്. ജില്ലയിൽ ആകെ 1,239 റേഷൻ കടകളാണുള്ളത്.
ബന്ധപ്പെട്ട എല്ലാ ഫയലുകളും ഭക്ഷ്യവകുപ്പ് ധനവകുപ്പിന് അയച്ച് കൊടുത്തെങ്കിലും തുടർനടപടികൾ സ്വീകരിക്കാത്തതാണ് വേതനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഓണത്തോടനുബന്ധിച്ച് റേഷൻ വ്യാപാരികൾക്ക് മുൻകൂറായി വേതനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
വെള്ള കാർഡുകാർക്കുള്ള അരി വിഹിതം അഞ്ച് കിലോയിൽ നിന്ന് രണ്ടാക്കി വെട്ടിക്കുറച്ചതും നീല കാർഡിനുള്ള നാല് കിലോ സ്പെഷ്യൽ അരി നിറുത്തലാക്കിയതും റേഷൻ വ്യാപാരികളുടെ വേതനത്തെ ബാധിച്ചിട്ടുണ്ട്. 45 ക്വിന്റൽ അരി വിറ്റാൽ ഒരു റേഷൻ വ്യാപാരിക്ക് 18,000 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 180 രൂപയും ലഭിക്കും. 45 ക്വിന്റലിൽ കുറവെങ്കിൽ 8500 രൂപയും തുടർന്നുള്ള ഓരോ ക്വിന്റലിനും 220 രൂപയും ലഭിക്കും. ഈ തുകയിൽ നിന്നാണ് ഇലക്ട്രിസിറ്റി-വാട്ടർ ബിൽ, ക്ഷേമനിധിയിലേക്കുള്ള 200 രൂപയടക്കം അടയ്ക്കേണ്ടത്.
ഉത്സവബത്ത എവിടെ?
ഓണത്തിന് ലഭിക്കേണ്ടിയിരുന്ന ഉത്സവ ബത്ത ഇനത്തിൽപ്പെട്ട 1,000 രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. മുൻവർഷങ്ങളിലെല്ലാം ഓണത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ഉത്സവബത്ത ലഭിക്കാറുണ്ടായിരുന്നു.
എല്ലാ മാസവും 10നെങ്കിലും വേതനം ലഭിക്കണം. മസ്റ്ററിംഗ് നടത്തിപ്പിന്റെ പ്രചാരണത്തിനായി സർക്കാർ വൻതുക ചെലവഴിച്ചെങ്കിലും അത് നടപ്പാക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട റേഷൻ വ്യാപാരികൾക്ക് ഇതിന്റെ ഭാഗമായി യാതൊരു തുകയും നൽകിയില്ല. മാത്രമല്ല, ആകെ 25,000 രൂപയുടെ ചികിത്സാ സഹായം മാത്രമാണ് ക്ഷേമനിധിയിലൂടെ ആശുപത്രികളിൽ നിന്നും ലഭിക്കുന്നതെന്നതും പരിതാപകരമാണ്.
ടി.മുഹമ്മദാലി, ആൾ കേരള റിട്ടയർ റേഷൻ ഡിലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |