കണ്ണൂർ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. നവീൻബാബു ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ അധിക്ഷേപം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യയ്ക്ക് രണ്ടുദിവസത്തിനകം സ്ഥാനം നഷ്ടപ്പെട്ടത് ജനവികാരം പൂർണമായും സർക്കാരിനെതിരെ തിരിഞ്ഞതിനാലാണ്. വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് ഉത്തരം മുട്ടിപ്പോകുന്ന പ്രചാരണ വിഷയമായി ഇത് ഉയർന്നുവരുമെന്നതു കൂടി മുൻകൂട്ടിക്കണ്ടാണ് പാർട്ടി വച്ചു താമസിപ്പിക്കാതെ നടപടിയെടുത്തത് എന്നുവേണം കരുതാൻ. പൊലീസ് ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്. രണ്ടുദിവസത്തിനകം അഴിമതിയുമായി ബന്ധപ്പെട്ട വലിയ വെളിപ്പെടുത്തലുകൾ നടത്തുമെന്നു പറഞ്ഞ ദിവ്യയ്ക്ക് സ്വന്തം കസേരയും പോയി, മുൻകൂർ ജാമ്യം തേടേണ്ട അവസ്ഥയും വന്നു.
യാത്രഅയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ ആരോപണം സ്വാർത്ഥതാത്‌പര്യത്തിന്റെ പേരിലാണെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നത് നാട്ടുകാർക്കു മുഴുവൻ ഇപ്പോൾ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. റവന്യു മന്ത്രി കെ. രാജൻ തന്നെ അത് ഏറ്റുപറയുകയും ചെയ്തു. കൈക്കൂലിക്കു വേണ്ടി പെട്രോൾ പമ്പിന് നിരാക്ഷേപപത്രം നൽകുന്നത് മാസങ്ങളോളം താമസിപ്പിച്ചു എന്ന മട്ടിലുള്ള ആരോപണമാണ് അവർ നടത്തിയത്. അതു തെറ്റാണെന്ന് കളക്ടർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ ലഭിച്ചാലേ എ.ഡി.എമ്മിന് അന്തിമ നിരാക്ഷേപപത്രം നൽകാനാവൂ. സ്ഥലംമാറ്റത്തിന് തൊട്ടുമുൻപത്തെ ആറ് പ്രവൃത്തിദിനങ്ങൾ കൊണ്ടാണ് ഫയൽ തീർപ്പാക്കിയത്. അപ്പോൾ മാസങ്ങളോളം വൈകിപ്പിച്ചു എന്നത് നവീൻ ബാബുവിനെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ച് മനഃപ്പൂർവം പറഞ്ഞതാണെന്നു വ്യക്തം. പെട്രോൾ പമ്പിന്റെ ഉടമയായി അവതരിപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്നതും പുറത്തുവന്നിട്ടുണ്ട്. അപ്പോൾ ഇതിനു പിന്നിൽ ഒളിച്ചിരുന്ന് പ്രവർത്തിക്കുന്ന ചിലർക്കു വേണ്ടിത്തന്നെയാണ് ദിവ്യ കലിതുള്ളിയതെന്ന് മനസിലാക്കാൻ യാതൊരു പ്രയാസവുമില്ല.
അന്വേഷണത്തിൽ പ്രധാനമായും പുറത്തുവരേണ്ടത് ഈ നിഗൂഢ താത്പര്യമാണ്. ഇതിനിടെ നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന പ്രചാരണവും കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായാണ് വാർത്തകളിൽ പറയുന്നത്.
ദിവ്യയും പെട്രോൾ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തനും നടത്തിയ ഗൂഢാലോചനയാണ് നവീന്റെ മരണത്തിന് കാരണമെന്നു കാണിച്ച് സഹോദരൻ പ്രവീൺ ബാബു ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊലീസിനു കഴിയണം. ഇതുപോലെ വാലു പൊക്കുന്ന മറ്റ് രാഷ്ട്രീയ നേതാക്കന്മാർക്കുള്ള ഒരു സന്ദേശം കൂടിയായി ഈ കേസിന്റെ പരിണിതഫലം മാറണം. അച്ഛന്റെ അന്ത്യകർമ്മങ്ങൾ ചെയ്യുന്ന പെൺമക്കളുടെ ചിത്രം കേരളത്തിന്റെ കണ്ണു നനയിക്കുന്നതാണ്. ആ കുട്ടികളോട് നമുക്കിനി പുലർത്താൻ കഴിയുന്ന ഏക പ്രായശ്ചിത്തം, കുറ്റക്കാരെ നിയമത്തിന്റെ ബന്ധനത്തിലാക്കുക എന്നതു മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |