SignIn
Kerala Kaumudi Online
Sunday, 20 October 2024 2.55 AM IST

യഹ്യ സിൻവാറിന്റെ വധം, ഒടുക്കത്തിന്റെ തുടക്കമോ?

Increase Font Size Decrease Font Size Print Page
yahya-sinwar

സിൻവാറിന്റെ മരണം ഹമാസിന്റെ നേതൃത്വത്തിൽ ഒരു ശൂന്യത സൃഷ്‌ടിച്ചിട്ടുണ്ട്. ഗാസ യുദ്ധം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ പകരക്കാരനായി ഹമാസിനെ ആരു നയിക്കും എന്നാണ് ലോകം ഉറ്റു നോക്കുന്നത്. നിരവധി ഉന്നത കമാൻഡർമാർ ഹമാസിൽ ഇനിയും ശേഷിക്കുന്നുണ്ട്!

...............................

ഹമാസിനെ മുച്ചൂടും മുടിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതിജ്ഞ. പക്ഷേ, യഹ്യ സിൻവാറിനെയും വധിച്ചിട്ടും ആ ലക്ഷ്യം ഇസ്രയേൽ നേടി എന്ന് പറയാനാവില്ല. ഇസ്രയേൽ പിന്മാറുന്നതു വരെ ഗാസയിലെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസിന്റെ ഡെപ്യൂട്ടി നേതാവ് ഖലീൽ അൽ ഹയ്യ ഇന്നലെ മുന്നറിയിപ്പു നൽകിയത് സംഘടനയുടെ വീര്യം ചോർന്നിട്ടില്ലെന്നതിന്റെ തെളിവാണ്. മിക്ക നേതാക്കളെയും വധിച്ചതിന്റെ ആഘാതം പേറുന്ന ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ഇസ്രയേൽ നോക്കുന്നത്. ആക്രമണത്തിന്റെ തീവ്രത കുറച്ചിട്ടില്ല. ഇത് യുദ്ധത്തിന്റെ അവസാനമല്ല, അവസാനത്തിന്റെ തുടക്കമാണ് എന്നാണ് സിൻവാറിന്റെ മരണത്തോട് നെതന്യാഹു പ്രതികരിച്ചത്.

ഒക്ടോബർ ഏഴ് ആക്രമണത്തിന്റെ സൂത്രധാരനായ സിൻവാറിനെ പിടിക്കാൻ ഇസ്രയേൽ നാലു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിന്റെ നിരവധി ആക്രമണങ്ങളെ സിൻവാർ അതിജീവിച്ചിരുന്നു. സിൻവാറിനെ വധിച്ചതിൽ യു. എസ്, യു.കെ, ഫ്രാൻസ് നേതാക്കൾ നെതന്യാഹുവിനെ അഭിനന്ദിച്ചതു തന്നെയാണ് സിൻവാറിന്റെ പ്രാധാന്യം.

അവസാന

നിമിഷങ്ങൾ

സിൻവാറിന്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. വെടിയേറ്റ സിൻവാർ ഒറ്റയ്ക്ക് ഓടി ഒരു കെട്ടിടത്തിലേക്ക് കയറുകയായിരുന്നു. ഒരു സോഫയിൽ ഇരിക്കുന്ന സിൻവാർ. ഒരു കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖം മറച്ചിരുന്നു. അന്ത്യനിമിഷങ്ങളിൽ കൈയിൽ കിട്ടിയ ഒരു വടി ഡ്രോണിനു നേരെ വലിച്ചെറിഞ്ഞു. അടുത്ത് ഒരു തോക്കും 40,000 ഷെക്കലും (ഇസ്രയേൽ കറൻസി ) ഉണ്ടായിരുന്നു.

ഹമാസിന്റെ തലവനായിരുന്ന ഇസ്മയിൽ ഹനിയേയെ ഇസ്രയേൽ വധിച്ചതിനെ തുർന്നാണ് സിൻവാർ തലവനായത്. 22 വർഷം ഇസ്രയേലിലെ ജയിലിൽ കഴിഞ്ഞ സിൻവാറിനെ 2011-ലാണ് മോചിപ്പിച്ചത്.പിന്നീട് സിൻവാർ ഹമാസിന്റെ പരമോന്നത നേതാവായി. ഇസ്രയേലിന്റെ പേടിസ്വപ്നവുമായി. ഫത്താ ഷെറീഫ്,​ സാലേ അൽ അരൂരി,​ അർവാൻ ഇസാ തുടങ്ങിയ ഹമാസ് നേതാക്കളെയും ഹമാസിനെ പിന്തുണച്ച ഹിസ്ബുള്ള നേതാക്കളായ ഹസൻ നസ്രള്ള,​ അലി കരാക്കി,​ നബീൽ കാവൂക്ക്,​ മുഹമ്മദ് സ്രൂർ,​ ഇബ്രാഹം ഖുബൈസി,​ ഇബ്രാഹം അഖ്വിൽ,​ അഹമ്മദ് മഹ്ബൂബ് വഹ്ബി,​ ഫൗദ് ഷുക്ക്ർ,​ മുഹമ്മദ് നാസർ,​ തലേബ് അബ്ദുള്ള തുടങ്ങിയവരെയും ഇസ്രയേൽ വധിച്ചു. ഹമാസിനെ ദുർബലപ്പെടുത്താനാണ് ഹിസ്ബുള്ള പോലുള്ള സഖ്യ ഗ്രൂപ്പുകളുടെ നേതാക്കളെയും കൊന്നൊടുക്കുന്നത്. സിൻവാറിന്റെ വധത്തോടെ യുദ്ധത്തിന്റെ മറ്റൊരു ഘട്ടം തുടങ്ങുകയാണെന്ന് ഹിസ്ബുള്ള ഇന്നലെ മുന്നറിയിപ്പ് നൽകി.

ഒൻപതു

ജന്മങ്ങൾ!

പൂച്ചയെപ്പോലെ ഒൻപതു ജന്മമാണ് ഹമാസിന്. സിൻവാറിനെ പോലുള്ള നേതാക്കളുടെ ചോരയിൽ നിന്ന് ഇനിയും പോരാളികൾ ഉയിർത്തെഴുന്നേറ്റു കൂടെന്നില്ല. സിൻവാറിന്റെ മരണം ഹമാസിന്റെ നേതൃത്വത്തിൽ താത്കാലികമായെങ്കിലും ഒരു ശൂന്യത സൃഷ്‌ടിച്ചിട്ടുണ്ട്. ഗാസ യുദ്ധം നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ സിൻവാറിന്റെ പകരക്കാരനായി ഹമാസിനെ ആരു നയിക്കും എന്നാണ് ലോകം ഉറ്റു നോക്കുന്നത്. നിരവധി ഉന്നത കമാൻഡർമാർ ഹമാസിൽ ഇപ്പോഴും ശേഷിക്കുന്നുണ്ട്.

 മഹ്‌മൂദ് അൽ -സഹർ

ഹമാസിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. സിൻവാറിന്റെ പിൻഗാമിയാകാൻ മുൻനിരയിലുള്ള നേതാവ്. പ്രത്യയശാസ്‌ത്ര ശില്പി. അതിതീവ്ര നിലപാടുകൾ. ഇസ്രയേലിനെതിരെ സായുധ പോരാട്ടവും ഗാസയിൽ ഇസ്ലാമിക ഭ രണവുമാണ് ലക്ഷ്യം. 2006- ലെ പാലസ്തീൻ തിരഞ്ഞെടുപ്പിൽ ഹമാസിനെ വിജയത്തിലേക്കു നയിച്ചു. ഹമാസ് ഭരണകൂടത്തിന്റെ ആദ്യ വിദേശകാര്യ മന്ത്രി.

 മുഹമ്മദ് സിൻവാർ

യഹ്യ സിൻവാറിന്റെ സഹോദരൻ. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ ദീ‌ർഘകാല നേതാവ്. നിരവധി സൈനിക ഓപ്പറേഷനുകളിൽ പങ്കാളി. യഹ്യയുടെ തീവ്ര നിലപാടുകൾ. നേതാവായാൽ സമാധാന നീക്കങ്ങൾ ദുഷ്കരമാകുമെന്ന് അമേരിക്കയ്ക്കു രെ ആശങ്ക. ഇസ്രയേലിന്റെ നിരവധി വധശ്രമങ്ങളെ അതിജീവിച്ചു.

 മൂസ അബു മർസൂക്ക്
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ മുൻ മേധാവി. സീനിയർ അംഗം. എൺപതുകളുടെ അവസാനം പാലസ്തീൻ മുസ്ലീം ബ്രദർഹുഡിൽ നിന്ന് വിഘടിച്ച് ഹമാസിന് രൂപം നൽകിയ നേതാക്കളിൽ പ്രമുഖൻ. ഹമാസിന്റെ സംഘടനാ കാര്യങ്ങളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നു. ഭീകരപ്രവർത്തനത്തിന് 1990-കളിൽ അമേരിക്ക തടവിലാക്കിയിരുന്നു. പിന്നീട് ജോർദ്ദാനിലേക്ക് നാടുകടത്തി.

മുഹമ്മദ് ദീഫ്

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ നേതാവാകാൻ സാദ്ധ്യത. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അൽ ദിൻ അൽ- ഖസമിന്റെ നേതാവ്. തീവ്രവാദ നിലപാടുകൾ. ഒക്ടോബർ ഏഴ് ഉൾപ്പെടെ സങ്കീർണ ഓപ്പറേഷനുകളിൽ നിർണായക പങ്ക്.

 ഖലീൽ അൽ ഹയ്യ
പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രമുഖൻ. ഇപ്പോൾ ഖത്തറിൽ. പ്രായോഗിക വാദി. നയതന്ത്ര വിദഗ്ദ്ധൻ. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ആഗ്രഹിക്കുന്നെങ്കിൽ ഇസ്രയേലുമായി കൂടിയോലോചനയ്‌ക്ക് പറ്റിയ നേതാവ്. 2007-ൽ ഇസ്രയേലിന്റെ ആക്രമണത്തെ അതിജീവിച്ചു. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.

 ഖാലിദ് മഷാൽ

2006 മുതൽ 2017വരെ ഹമാസിനെ നയിച്ച ആദരണീയനായ നേതാവ്. ഇപ്പോൾ ഖത്തറിൽ. ഒരു വിഭാഗത്തിന് അനഭിമതൻ. രാഷ്‌ട്രീയ,​ സൈനിക ഓപ്പറേഷനുകൾക്ക് മേൽനോട്ടം. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായുള്ള ഭിന്നതകൾ ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാന്റെ അപ്രീതിക്ക് കാരണമായി.

,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​,​

ക്യാപ്ഷൻ

ഗാസയിലെ ഹമാസ് പോരാളികൾ ദക്ഷിണ ഇസ്രയേലിനു നേരെ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനു നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം യഹ്യ സിൻവാർ ഭൂഗർഭ ടണലിലൂടെ രക്ഷപ്പെടുന്നതിന്റെ ദൃശ്യം. ഇസ്രയേൽ സേനയുടെ രഹസ്യ ക്യാമറകൾ പകർത്തിയ ഈ ചിത്രമാണ് യഹ്യയുടേതായി അവസാനം പുറത്തുവന്നത്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YAHIYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.