പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവിനും പരിഹാരമാകാതെ നിലനിൽക്കുമ്പോഴും വിശപ്പും ദാരിദ്ര്യവുമില്ലാത്ത സുന്ദരലോകം ഇന്നും സ്വപ്നമാണ്. കൊവിഡ് മഹാമാരിയും യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവുമൊക്കെ ലോകത്തിലെ പട്ടിണിമരണങ്ങളും ദാരിദ്ര്യവുമൊക്കെ ക്രമാതീതമായി വർദ്ധിക്കുന്നിന് കാരണമായിട്ടുണ്ട്. ആഗോള പട്ടിണി സൂചികയുടെ ഈ വർഷത്തെ കണക്കുപ്രകാരം ഇന്ത്യയുടെ സ്ഥാനം വളരെ പിന്നിലാണ്. 127 രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 105 ആണ്. ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമുള്ള 42 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നതാണ് പ്രശ്നത്തിന്റെ തീവ്രത വെളിവാക്കുന്നത്. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്. അയൽരാജ്യങ്ങളായ പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും സ്ഥാനവും ഇന്ത്യയ്ക്കൊപ്പമാണ്. ഐറിഷ് എൻ.ജി.ഒ കൺസേൺ വേൾഡ് വൈഡും ജർമ്മൻ എൻ.ജി.ഒ ആയ വെൽറ്റ് ഹുംഗർ ഹിൽഫും ചേർന്നാണ് സൂചിക തയ്യാറാക്കുന്നത്. ശ്രീലങ്ക 56-ാമതും നേപ്പാൾ 68-ാമതും മ്യാൻമർ 74-ാമതും ബംഗ്ലാദേശ് 84-ാമതും സ്ഥാനങ്ങളിലാണ്. പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയിൽ ചൈന, ബെലാറൂസ്, ചിലി, ബോസ്നിയ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ്. സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്‌കർ, കോംഗോ എന്നിവയാണ് പട്ടിണി കഠിനമായി നേരിടുന്ന രാജ്യങ്ങൾ.
പിടിമുറുക്കുന്ന
പട്ടിണി
കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആഗോള പട്ടിക സൂചിക തയ്യാറാക്കിയിരിക്കുന്നത്. 2030ഓടെ 'സീറോ ഹംഗർ' എന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുക ഇപ്പോഴത്തെ സ്ഥിതിയിൽ അസാദ്ധ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും ജനപ്പെരുപ്പവും ദാരിദ്ര്യത്തിന്റെ ആക്കം കൂട്ടി. കുറഞ്ഞ ശമ്പളത്തിന് സ്ഥിരതയില്ലാതെ ജോലിചെയ്യുന്ന ആളുകളാണ് രാജ്യത്ത് കൂടുതൽ. കൃത്യമായി വരവും ചെലവും നിയന്ത്രിച്ചു കൊണ്ടുപോകുന്നതിൽ ഇക്കൂട്ടർ പരാജയപ്പെടുന്നു. ഇതൊക്ക ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ തോതും വർദ്ധിപ്പിക്കുന്നതിനിടയാക്കി.
ആവശ്യമായ ഭക്ഷണത്തിനുള്ള അവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്ത നിരവധി പേരുണ്ടെന്ന് റിപ്പോർട്ട് ഉപസംഹരിക്കുന്നു. ആഗോളതലത്തിൽ പ്രതിദിനം 73.3 കോടി ആളുകൾ പട്ടിണി അനുഭവിക്കുന്നുണ്ടെന്നും അതേസമയം ഏകദേശം 280 കോടി ആളുകൾക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പോഷകാഹാരം
ലഭിക്കാതെ
ശിശുമരണ നിരക്ക് കുറച്ച് കൊണ്ടുവരുന്നതിൽ ഇന്ത്യയുടെ ശ്രമങ്ങൾ വലിയ പുരോഗതി കൈവരിച്ചെങ്കിലും പോഷകാഹാരക്കുറവ് വ്യാപകമാണ്. ഉയരത്തിന് അനുസരിച്ച് ഭാരമില്ലാത്തതും പ്രായത്തിനനുസരിച്ച് ഉയരം വയ്ക്കാത്തതുമായ കുട്ടികളും ധാരാളമാണ്. 2000-2008 കാലഘട്ടത്തിൽ വിശപ്പ് കുറച്ച് കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യ നല്ല പുരോഗതിയാണ് കൈവരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2014ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ വലിയ വർദ്ധനവ് പ്രകടമായത്. 2018-2020 കാലയളവിൽ 14.6 ശതമാനമായിരുന്നിടത്ത് 2019-2021 കാലഘട്ടത്തിൽ 16.3 ശതമാനമായി ഉയർന്നിരുന്നു. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ ഗൗരവതരമായ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. 2014ൽ 19.1 ശതമാനമായിരുന്നു വിശപ്പ് സൂചിക. വർഷങ്ങൾ പിന്നിടുമ്പോൾ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണ്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മാത്രം ഏതാണ്ട് 12 കോടിയിലധികം ആളുകൾ കൂടി പട്ടിണിയുടെ പിടിയിലകപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യനിധി, ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന തുടങ്ങിയ വിവിധ സമിതികൾ ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്തിടെ നടത്തിയ പഠനങ്ങൾ പ്രകാരം, ലോകത്ത് ഏതാണ്ട് 73 കോടി ജനങ്ങളാണ് പട്ടിണി അനുഭവിക്കുന്നത്. 2019 ൽ ഇത് 61 കോടിയായിരുന്നു. ഭക്ഷ്യ പ്രതിസന്ധിയും പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ 2030 ഓടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും നിലവിലെ സംഘർഷങ്ങൾക്കും കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കും എതിരെ പ്രതിരോധം വളർത്തി എടുക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞത് കഴിഞ്ഞ വർഷം ജൂലായിലാണ്.
ആഫ്രിക്കൻ രാജ്യങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. നിരന്തര സംഘർഷങ്ങൾ, പോഷകാഹാരത്തിന്റെ ലഭ്യതക്കുറവ്, കോംഗോ, ഹെയ്തി, മാലി, സിറിയ തുടങ്ങിയ രാജ്യങ്ങളെ ആഹാരത്തിന്റെ ലഭ്യതക്കുറവിലേക്ക് നയിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കണം
പട്ടിക പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പകുതിയിലധികം പേരും മികച്ച ഭക്ഷണം കിട്ടാത്തവരാണെന്ന് സൂചിക വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് നിരീക്ഷിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് പ്രധാനമാണ്. 2014 ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ സ്ഥിരമായ വർദ്ധനവ് പ്രകടമായത്. പ്രതീക്ഷിച്ചതിനേക്കാൾ ഇന്ത്യയുടെ സ്ഥാനം താഴെയെത്തിയതിനാൽ കേന്ദ്രസർക്കാരും ഞെട്ടലിലാണ്. ഈ റിപ്പോർട്ട് മനഃപൂർവ്വമായി സൃഷ്ടിക്കപ്പെട്ടതാണെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന് മോദിസർക്കാർ അവകാശപ്പെടുമ്പോഴാണ് ആഗോള സൂചികകളിലെല്ലാം പിന്നോട്ട് പോകുന്നത്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പുരോഗതിയില്ല എന്നതാണ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യക്തമാകുന്നത്. ഇന്ത്യ മഹാരാജ്യമെന്ന് ഉദ്‌ഘോഷിക്കുമ്പോൾ അവിടെയുള്ള ജനങ്ങളുടെ അവസ്ഥയും ചുറ്റുപാടും സ്ഥിതി വിശേഷങ്ങളും മാറിമാറി വരുന്ന സർക്കാരുകൾ അറിയേണ്ടത് അനിവാര്യമാണ്. പുരോഗതിയുടെ പടവുകളിൽ ഒന്നൊന്നായി കുതിക്കുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് അറിയണം. വികസനം തുടങ്ങേണ്ടത് അടിത്തട്ടിൽ നിന്നാണെന്ന വസ്തുത മനസിലുണ്ടാവണം. ഇന്ത്യയിൽ പട്ടിണിക്കെതിരായ പോരാട്ടം നിശ്ചലാവസ്ഥയിലാണെന്ന സൂചന നൽകുന്ന സൂചിക അടുത്ത പട്ടിക പുറത്തിറങ്ങുമ്പോൾ മാറ്റിപ്പണിയണമെന്ന ഉത്തമ അവബോധം വിവിധ സർക്കാരുകളും കൈകൊള്ളേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |