തൃശൂർ: പൊലീസ് പിടികൂടിയ ജെ.സി.ബി വിട്ടു കൊടുക്കാൻ ഭൂമിയുടെ തരം സംബന്ധിച്ച റിപ്പോർട്ട് നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. ഒല്ലൂക്കര വില്ലേജ് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ തൃശൂർ പടിയം പടിയത്ത് വീട്ടിൽ പി.എ.പ്രസാദ് (45), വില്ലേജ് അസിസ്റ്റന്റ് പുറനാട്ടുകര മരതംറോഡ് പൊങ്ങംകാട്ടിൽ ആശിഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
ഒല്ലൂർ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നിരപ്പാക്കുമ്പോൾ നിലം നികത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ മണ്ണുത്തി പൊലീസ് ജെ.സി.ബി പിടിച്ചെടുത്തിരുന്നു. ജെ.സി.ബി വിട്ടുകിട്ടുന്നതിന് പൊലീസിനെ സമീപിച്ച പരാതിക്കാരനോട് സ്ഥലം ഭൂമിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഒല്ലൂക്കര വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കാനായി കത്ത് അയച്ചതായി പൊലീസ് അറിയിച്ചു. വില്ലേജ് ഓഫീസറും, സ്‌പെഷ്യൽ വില്ലേജ് ഓഫീസറായ പ്രസാദും കഴിഞ്ഞ ആഴ്ച സ്ഥലം സന്ദർശിച്ചു. തുടർന്ന് പ്രസാദ് പരാതിക്കാരനെ ഫോണിൽ വിളിച്ച് നേരിട്ട് വില്ലേജ് ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. സ്ഥലം പറമ്പും നിലവുമായാണുള്ളതെന്നും സാധാരണയായി ജെ.സി.ബിയുടെ വിലയുടെ മൂന്നിരട്ടി തുകയായ 55 ലക്ഷം കോടതിയിൽ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും അല്ലെങ്കിൽ 55 ലക്ഷം രൂപയുടെ 10 ശതമാനമായ 5.5 ലക്ഷം രൂപ കൈക്കൂലി നൽകിയാൽ വില്ലേജ് ഓഫീസറോട് പറഞ്ഞ് അനുകൂലമായ റിപ്പോർട്ട് പൊലീസിന് നൽകാമെന്നും പ്രസാദും ആശിഷും പരാതിക്കാരനോട് പറഞ്ഞു.
അത്രയും പണം നൽകാനില്ലായെന്ന് അറിയിച്ചപ്പോൾ 2 ലക്ഷം രൂപ നൽകാതെ റിപ്പോർട്ട് നൽകില്ലായെന്നും മുൻകൂറായി 50,000 രൂപ 19 ന് വില്ലേജ് ഓഫീസിലെത്തിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. വിജിലൻസ് മദ്ധ്യമേഖല പൊലീസ് സൂപ്രണ്ട് എസ്.ശശിധരന്റെ നിർദ്ദേശപ്രകാരം തൃശൂർ വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി പി.ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ട ആദ്യ ഗഡുവായ 50,000 രൂപ ഒല്ലൂക്കര വില്ലേജ് ഓഫീസിൽ വച്ച് കൊടുത്തു. പണം വാങ്ങിയ ഉദ്യോഗസ്ഥരെ ഉടൻ വിജിലൻസ് അറസ്റ്റ് ചെയ്തു. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |