കൽപ്പറ്റ: വയനാട് ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകൾ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനുമെതിരെയുള്ള താക്കീതാവണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയുടെ കൽപ്പറ്റ നിയോജകമണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയതയും വിഭാഗീയതയുമുണ്ടാക്കി ഒരു പൊതു ശത്രുവിനെ സൃഷ്ടിച്ച് വീഴ്ചകളെ മറച്ചുവയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡ് ഭേദഗതി നിയമം പാസായാൽ പിന്നെ ചർച്ച് ബിൽ കൊണ്ട് വരിക എന്നതാണ് ബി.ജെ. പി. യുടെ ലക്ഷ്യം. തൊഴിലില്ലായ്മ ഇന്ന് സർവകാല റെക്കോർഡിലാണ്. കാർഷിക ഉത്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല,മനുഷ്യ-വന്യമൃഗ സംഘർഷം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായ സർക്കാരാണ് കേരളം ഭരിക്കുന്നത്. ചൂരൽമല ദുരന്തത്തിലെ ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. രാഹുൽഗാന്ധിയും,കർണാടക സർക്കാരും, മുസ്ലിം ലീഗുമെല്ലാം വീട് വച്ച് നൽകാൻ തയ്യാറായിട്ടും സർക്കാർ ഭൂമി നൽകിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം ചെയർമാൻ ടി.ഹംസ അദ്ധ്യക്ഷനായിരുന്നു. യു.ഡി.എഫ്. സംസ്ഥാന കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. ലിജു, കെ.പി. സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പി.കെ. ജയലക്ഷ്മി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ലാ ചെയർമാൻ അബ്ബാസ് അലി ശിഹാബ് തങ്ങൾ, ട്രഷറർ എൻ.ഡി.അപ്പച്ചൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ. പി. അനിൽ കുമാർ, ടി. സിദ്ദിഖ്, പി. കെ. ബഷീർ, പി. ഷംസുദീൻ, യു. ഡി. എഫ്. ജില്ലാ കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, കേരള കോൺഗ്രസ് (ജേക്കബ്) വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് എൻ. കെ. റഷീദ്, പി. കെ. അബൂബക്കർ, കെ.എൽ. പൗലോസ്, പി.പി. അലി, ടി.ജെ. ഐസക്ക്, വി.എ. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |