ആന്ധ്രാപ്രദേശിലെ ധർമ്മവരത്ത് കഴിഞ്ഞ മേയ് അഞ്ചിനു നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ വിമർശിച്ചത് ഇങ്ങനെ:
''റെഡ്ഡിയുടെ ഭരണത്തിൽ വളർന്നത് അഴിമതിയും കുറ്റകൃത്യങ്ങളും മതപരിവർത്തനവും മാത്രം.""
ക്രിസ്തുമത വിശ്വാസിയായ ജഗൻ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രാദേശികമായി ആരോപണമുണ്ടായിരുന്നെങ്കിലും, ഒരു ദേശീയ നേതാവ് അക്കാര്യം വിളിച്ചു പറഞ്ഞത് ആദ്യമായിട്ടായിരുന്നു. അടുത്ത ദിവസം പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അതേ ആരോപണം അവർത്തിച്ചു.
തിരുപ്പതി മണ്ഡലത്തിലെ റാലിക്കിടെ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷൻ ജനത്തോട് ആവശ്യപ്പെട്ടത് 'തിരുപ്പതിയുടെ വിശുദ്ധി സംരക്ഷിക്കുന്നതിന് ക്ഷേത്ര നഗരത്തിൽ നിന്ന് 'കള്ളന്മാരെ" അകറ്റി നിറുത്താനായി വോട്ടു ചെയ്യൂ" എന്നായിരുന്നു. ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസിനെ തൂത്തെറിഞ്ഞ് എൻ.ഡി.എ അധികാരത്തിലെത്തി നൂറാം ദിനാഘോഷ പരിപാടി വിജയവാഡയിലെ മംഗളഗിരിയിൽ നടക്കുമ്പോൾ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, കരുതിവച്ചതു പോലെ ഒരു ആഗ്നേയാസ്ത്രം തൊടുത്തു: 'തിരുപ്പതി ലഡുവിൽ ജഗൻമോഹൻ റെഡ്ഡി സർക്കാർ നെയ്യിനു പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്. ഞങ്ങൾ അധികാരത്തിലെത്തിയ ശേഷം ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നു!" - വിഷയം കത്തിപ്പടരാൻ അധികനേരം വേണ്ടി വന്നില്ല.
നായിഡുവിന്റെ ആരോപണം വന്നതിന്റെ അടുത്ത ദിവസം നാഷണൽ ഡയറി ബോർഡിന്റെ പരിശോധനയിൽ നെയ്യിൽ മൃഗക്കൊഴുപ്പ് ഉൾപ്പെടെ കണ്ടെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, വൈ.എസ്.ആർ.സി.പി നേതാവും എം.പിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) മുൻ ചെയർമാനുമായ വൈ.വി സുബ്ബറെഡ്ഡിക്ക് വിജിലൻസ് നോട്ടീസ് അയച്ചു. സുബ്ബറെഡ്ഡിയിലൂടെ അന്വേഷണത്തിന്റെ മുന തിരിയുന്നത് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയിലേക്കായിരുന്നു.
സുപ്രീം കോടതി
ഇടപെടുന്നു
തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് മൃഗക്കൊഴുപ്പ് ആരോപണമുന്നയിച്ചതിന് ചന്ദ്രബാബു നായിഡുവിനെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. 'ദൈവങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിറുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അന്വേഷണത്തിന്റെ അന്തിമഘട്ടത്തിനായി മുഖ്യമന്ത്രി കാത്തിരിക്കേണ്ടത് വിവേകത്തോടെയാണ്" എന്നായിരുന്നു കോടതിയുടെ താക്കീത്. പരിശോധനയ്ക്കു വിധേയമാക്കിയത് ഉപേക്ഷിച്ച നെയ്യ് സാമ്പിളുകളാണെന്നാണ് പ്രഥമിക ലാബ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ മൂന്നിന് വീണ്ടും കേസ് പരിഗണിച്ചപ്പോൾ ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് സി.ബി.ഐ ഡയറക്ടർ നേതൃത്വം നൽകും.
പ്രസാദത്തിന്റെ
ചരിത്രം
300 വർഷത്തിലേറെ പഴക്കമുണ്ട് തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡ്ഡുവിന്. 1715 മുതലാണ് ഭഗവാന് ലഡു നിവേദിക്കാനും പ്രസാദമായി നൽകാനും തുടങ്ങിയത്. അതിനു മുമ്പ് ബൂണ്ടി എന്ന പലഹാരമായിരുന്നു പ്രസാദം. ഒരു പ്രത്യേക വിഭാഗമാണ് നൂറ്റാണ്ടുകളായി പ്രസാദം നിർമ്മിക്കുന്നത്. ഓരോ തവണയും ലഡു ഉണ്ടാക്കുമ്പോൾ ആദ്യത്തെ ലഡു ഭഗവാന് സമർപ്പിക്കും. ദർശനത്തിനെത്തുന്നവർക്ക് ഒരു ലഡു സൗജന്യമാണ്. വലിയ അളവിൽ വാങ്ങാൻ ഒന്നിന് 50 രൂപ നിരക്കിൽ കൗണ്ടറുകളുണ്ട്.
2014-ൽ പേറ്റന്റ് ലഭിച്ചതിനാൽ 'തിരുപ്പതി ലഡു" എന്നു പേരിട്ട് മറ്റാർക്കും ലഡു വിൽക്കാനാവില്ല. ഉയർന്ന ഗുണമേന്മയുള്ള നെയ്യാണ് ചേരുവകളിൽ പ്രധാനം. ദിവസവും കുറഞ്ഞത് 400- 500 കിലോ നെയ്യ്, 750 കിലോ കശുഅണ്ടി, 500 കിലോ ഉണക്ക മുന്തിരി, 200 കിലോ ഏലയ്ക്ക എന്നിവ ലഡു തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ദിവസേന ശരാശരി 3.5 ലക്ഷം ലഡു വരെ തയ്യാറാക്കാറുണ്ട്. പ്രത്യേക ദിവസങ്ങളിലും ഉത്സവങ്ങളിലും അത് നാലുലക്ഷം കവിയും.
ക്ഷേത്രത്തിലെ സേവനങ്ങളും സംഭാവനകളും തിട്ടപ്പെടുത്തുന്നതിന് രാജഭരണകാലത്തു തന്നെ സംവിധാനങ്ങളുണ്ടായിരുന്നെന്ന് ക്ഷേത്രത്തിലെ പ്രചീന ലിഖിതങ്ങൾ വ്യക്തമാക്കുന്നു. തിരുമലയിലെയും തിരുപ്പതിയിലെയും ക്ഷേത്രങ്ങളിൽ 1150 ലിഖിതങ്ങളുണ്ട്, 700 എണ്ണം തിരുമല ക്ഷേത്രത്തിന്റെ ചുവരുകളിൽ മാത്രം കൊത്തിവച്ചിട്ടുണ്ട്. സംസ്‌കൃതം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ലിഖിതങ്ങൾ. എ.ഡി. 1019-ൽ രാജേന്ദ്ര ചോളൻ ഒന്നാമന്റെ ഏഴാം ഭരണവർഷം മുതൽ ദേവാലയത്തിനു നൽകിയ സംഭാവനകളെയും ദാനങ്ങളെയും സൂചിപ്പിക്കുന്ന ലിഖിതമാണ് ഏറ്റവും പഴയത്. പല്ലവന്മാരുടെ കാലത്ത് നിവേദ്യം ശ്രീകോവിലിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥനെ രാജാവ് ചുമതലപ്പെടുത്തിയിരുന്ന കാര്യവും ലിഖിതങ്ങളിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |