കൊച്ചി: ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ വാഹന കയറ്റുമതി 14 ശതമാനം വർദ്ധനയോടെ 25,28,248 യൂണിറ്റുകളായി. മുൻവർഷം ഇതേകാലയളവിൽ 22,11,457 വാഹനങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്. യാത്രാ വാഹനങ്ങളുടെയും ടു വീലറുകളുടെയും കയറ്റുമതിയിലാണ് മികവ്. തളർച്ചയിലായിരുന്ന ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉണർവാണ് പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചത്. വിദേശ വിപണികളിലെ മാന്ദ്യം മൂലം കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ വാഹന കയറ്റുമതി അഞ്ച് ശതമാനം ഇടിവ് നേരിട്ടിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 40 ലക്ഷം വാഹനങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ യാത്രാ വാഹനങ്ങളുടെ കയറ്റുമതി 12 ശതമാനം വളർച്ചയോടെ 3,76,679 യൂണിറ്റുകളായി. ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി 16 ശതമാനം വർദ്ധനയോടെ 16,41,804 യൂണിറ്റുകളായി. വാണിജ്യ വാഹന കയറ്റുമതി 12 ശതമാനം ഉയർന്ന് 35,731ൽ എത്തി. അതേസമയം മുചക്ര വാഹനങ്ങളുടെ കയറ്റുമതിയിൽ ഒരു ശതമാനം ഇടിവുണ്ടായി.
മാരുതിയുടെ കരുത്തിൽ മുന്നോട്ട്
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ നേതൃത്വത്തിലാണ് ഇന്ത്യ വിദേശ വിപണിയിൽ വ്യാപാരം വ്യാപിപ്പിക്കുന്നത്. ആറ് മാസത്തിനിടെ മാരുതി സുസുക്കി 1,31,546 വാഹനങ്ങളാണ് കയറ്റി അയച്ചത്. ഹ്യുണ്ടായ് മോട്ടോർ 86,105 വാഹനങ്ങൾ വിദേശ വിപണിയിൽ എത്തിച്ചു.
ഏപ്രിൽ - സെപ്തംബർ വാഹന കയറ്റുമതി
25.28 ലക്ഷം
പ്രധാന വിപണികൾ
ലാറ്റിൻ അമേരിക്ക
യൂറോപ്പ്
ആഫ്രിക്ക
നാണയങ്ങളുടെ മൂല്യയിടിവും മറ്റ് ധന പ്രതിസന്ധികളും മൂലം മാന്ദ്യത്തിലായിരുന്ന ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ വിപണികളിൽ മികച്ച ഉണർവാണ് ദൃശ്യമാകുന്നത്
ഷൈലേഷ് ചന്ദ്ര
പ്രസിഡന്റ്
സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |