കിളിമാനൂർ (തിരുവനന്തപുരം): വീട്ടുപറമ്പുകളിൽ നിന്ന് തെങ്ങ് അപ്രത്യക്ഷമായി തുടങ്ങിയതോടെ മലയാളിക്ക് തേങ്ങ വാങ്ങാൻ കൊടുക്കേണ്ടിവരുന്നത് വലിയ വില! ഒരു കിലോ പച്ചത്തേങ്ങയുടെ നിലവിലെ ചില്ലറ വില 60-65 രൂപ. ഒരു കിലോയ്ക്ക് കിട്ടുന്നതാകട്ടെ മീഡിയം വലിപ്പമാണെങ്കിൽ മൂന്നെണ്ണം. ഈ മാസം ആദ്യം 74 രൂപവരെ ഉണ്ടായിരുന്നതാണ് അല്പം താഴ്ന്നത്. ഇത് ആശ്വാസമാണെങ്കിലും ഇനിയും കുറയുമെന്ന് പ്രതീക്ഷയില്ല. മേയിൽ 27 -32 രൂപയായിരുന്നതാണ് ഇരട്ടിയിലേറെ കൂടിയത്.
തേങ്ങയുടെ വില വർദ്ധിച്ചത് വെളിച്ചെണ്ണ വിലയേയും ബാധിച്ചു. കൊപ്ര ഉത്പാദനം കുറഞ്ഞതോടെയാണിത്. വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് ഇപ്പോൾ 200-220 രൂപ. രണ്ടുമാസം മുമ്പ് 170-190 രൂപയായിരുന്നു. ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 220 രൂപയിലേറെ വിലയുണ്ട്.
കേരളത്തിലേക്ക് ഇപ്പോൾ തേങ്ങ എത്തുന്നത് ഏറെയും തമിഴ്നാട്ടിൽ നിന്ന്. പൊള്ളാച്ചിയിൽ നിന്നാണ് കൂടുതലും. അവിടെ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. കേന്ദ്രസർക്കാർ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതോടെ പാമോയിൽ അടക്കമുള്ളവയുടെ വില കൂടി. ഇതോടെ വെള്ളിച്ചെണ്ണയ്ക്ക് ഡിമാൻഡ് കൂടിയതാണ് തേങ്ങയുടെ വിലവർദ്ധനയ്ക്കും കാരണമെന്നാണ് വിലയിരുത്തൽ. തമിഴ്നാട്ടിൽ വില കൂടിയതോടെ അവിടെ നിന്നുള്ള വരവ് കുറഞ്ഞതും കാരണമായി.
കേരളത്തിൽ കിലോയ്ക്ക്.......................... 60-65 രൂപ
തമിഴ്നാട്ടിൽ
മാർത്താണ്ഡം, നാഗർകോവിൽ.................... 60 രൂപ
പൊള്ളാച്ചിയിൽ (ഹോൾസെയിൽ)................50-52രൂപ
ഇറക്കുമതി തീരുവ കൂട്ടി
സെപ്തംബർ 14ന് കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയർത്തി. പാമോയിൽ,സൂര്യകാന്തി,സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.
ഇതോടെ ഇവയുടെ വില വർദ്ധിച്ചു. വിലകുറവുള്ള ഇത്തരം എണ്ണ ഉപയോഗിച്ചിരുന്ന പലരും വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞു. അതോടെ വെളിച്ചെണ്ണ വിലയും വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |