കണ്ണൂർ: എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങിയ ഉന്നതർ ആരോപണ നിഴലിലായിട്ടും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാതെ സർക്കാർ. പ്രതിപക്ഷ സംഘടനകളടക്കം ഈ ആവശ്യം ശക്തമാക്കിയിട്ടും ആഭ്യന്തര വകുപ്പ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.
നിലവിൽ കേസന്വേഷിക്കുന്നത് കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയാണ്. കളക്ടറടക്കമുള്ളവരുടെ മൊഴിയെടുക്കേണ്ടതും എസ്.എച്ച്.ഒയാണ്. തന്നെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ അടക്കം അന്വേഷണം നടത്തുന്ന എസ്.എച്ച്.ഒയ്ക്ക് ഇക്കാര്യത്തിൽ പരിമിതി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അത് അന്വേഷണത്തെ ബാധിക്കുമെന്നും ആരോപണമുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ പൊലീസ് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമുയർന്നിട്ടും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. ഒളിവിൽ തുടരുന്ന ദിവ്യയെ കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തുന്നില്ല. വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയവും ദിവ്യയ്ക്ക് അനുവദിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ
മെല്ലെപ്പോക്ക്
1.നവീൻബാബു കൈക്കൂലിക്ക് വഴങ്ങുന്ന ഉദ്യോഗസ്ഥനല്ലെന്ന് സി.പി.എം നേതൃത്വംതന്നെ നിലപാട് സ്വീകരിച്ചിട്ടും അദ്ദേഹത്തെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാൻ നടന്ന ശ്രമങ്ങളെകുറിച്ച് അന്വേഷണമില്ല
2.പി.പി.ദിവ്യയുടെ മൊഴിയെടുക്കാനോ ഹാജരാകാൻ നോട്ടീസ് നൽകാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല
3.കളക്ടറുടെ മൊഴിയെടുപ്പും വൈകുന്നു. ആകെ നടന്നത് കളക്ടറേറ്റ് ജീവനക്കാരുടേയും പ്രശാന്തന്റേയുമടക്കം മൊഴിയെടുപ്പ് മാത്രം
3.നവീൻ ബാബുവിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇഴയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |