ലണ്ടൻ: ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഭാഗ്യം. മൂന്ന് തവണ ദുരന്തം ആവർത്തിച്ചിട്ടും വളരെ അവിശ്വസനീയമായി രക്ഷപ്പെട്ട സ്ത്രീയാണ് വയലറ്റ് ജെസോപ് എന്ന ഐറിഷ് വംശജ. വയലറ്റിനെ മൂന്ന് കപ്പൽ ദുരന്തങ്ങളാണ് തേടിയെത്തിയത്. കപ്പലുകൾ മൂന്നും കടലിൽ മുങ്ങുമ്പോൾ ഉള്ളിൽ വയലറ്റുമുണ്ടായിരുന്നു.
വിചിത്രമായ കാര്യമെന്തെന്നാൽ മുങ്ങിയ മൂന്ന് കപ്പലുകളും ഒരു കമ്പനിയുടേത് തന്നെയായിരുന്നു. ഇവ മൂന്നുമാകട്ടെ, ഭീമാകാരമായതും ഒരിക്കലും മുങ്ങില്ലെന്ന് കരുതിയതുമായ മൂന്ന് യാത്രാക്കപ്പലുകളായിരുന്നു.
ആർ.എം.എസ് ഒളിമ്പിക്, ആർ.എം.എസ് ടൈറ്റാനിക്, എച്ച്.എം.എച്ച്.എസ് ബ്രിട്ടാനിക് എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേര്. ബ്രിട്ടീഷ് കമ്പനിയായ വൈറ്റ് സ്റ്റാർ ലൈന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇവ. വൈറ്റ് സ്റ്റാർ ലൈൻ തങ്ങളുടെ ഒളിമ്പിക് ക്ലാസ് പരമ്പരയിൽ നീറ്റിലിറക്കിയ ഈ മൂന്ന് പടുകൂറ്റൻ കപ്പലുകൾ അന്ന് നിർമിക്കപ്പെട്ടവയിൽ ഏറ്റവും വലുതും ആഡംബരപൂർണവുമായിരുന്നു.
ഈ മൂന്ന് കപ്പലുകളിലും നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു വയലറ്റ് ജെസോപ്. 1911ൽ ആർ.എം.എസ് ഒളിമ്പികിലാണ് വയലറ്റ് ആദ്യമായി ശുശ്രൂഷകയായി ജോലിയിൽ പ്രവേശിച്ചത്. സതാംപ്ടണിൽ നിന്നും പുറപ്പെട്ട ഒളിമ്പിക് ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഹോക്കുമായി കൂട്ടിയിടിച്ചു.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട വയലറ്റ് തൊട്ടടുത്ത വർഷമായ 1912ൽ വിഖ്യാതമായ ആർ.എം.എസ് ടൈറ്റാനിക് കപ്പലിൽ ജോലിയിൽ പ്രവേശിച്ചു. വയലറ്റിന് അന്ന് 24ാം വയസായിരുന്നു. ഏപ്രിൽ 15ന് അറ്റ്ലാൻഡിക് സമുദ്രത്തിൽ മഞ്ഞു മലയിലിടിച്ച് ആദ്യ യാത്രയിൽ തന്നെ ടൈറ്റാനിക് മുങ്ങി. 1500 ലേറെ പേരാണ് അന്ന് നീറ്റിലിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതായിരുന്ന ടൈറ്റാനിക് തകർന്ന് മരിച്ചത്. അന്ന് ലൈഫ് ബോട്ടിൽ രക്ഷപെടാൻ സാധിച്ച വയലറ്റിനെയും മറ്റും കാർപേത്യ എന്ന കപ്പലാണ് രക്ഷിച്ചത്.
പിന്നീട് ഒന്നാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് റെഡ് ക്രോസിൽ പരിചാരകയായി വയലറ്റ് സേവനമനുഷ്ഠിക്കുന്നതിനിടെയിലാണ് മൂന്നാമത്തെ ദുരന്തം തേടിയെത്തിയത്. ഇത്തവണ എച്ച്.എം.എച്ച്.എസ് ബ്രിട്ടാനികിലായിരുന്നു വയലറ്റ് നിയോഗിക്കപ്പെട്ടത്. 1916 നവംബർ 14ന് ഈജിയൻ കടലിൽ വച്ച് ഒരു മൈനിൽ ഇടിച്ച് ബ്രിട്ടാനിക് പൊട്ടിത്തെറിച്ചു. ഇത്തവണ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റ വയലറ്റ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മൂന്ന് ദുരന്തങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വയലറ്റ് ' മിസ് അൺസിങ്കബിൾ ' എന്നാണ് പിന്നീട് അറിയപ്പെട്ടത്. 1971ൽ 83ാം വയസിലാണ് വയലറ്റ് അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |