പ്രകൃതിസുന്ദരമായ നാടാണ് ചേലക്കര. നാട്ടിൻപുറത്തിന്റെ നന്മ കാത്തുസൂക്ഷിക്കുന്ന കർഷകസമൂഹമേറെയുളള ചേലക്കരയിൽ ഇന്നേവരെ നടന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെല്ലാം സമാധാന പൂർണമായിരുന്നു. ഇപ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണവും രാഷ്ട്രീയത്തിന്റെ ചൂടും വേവുമുണ്ടെങ്കിലും സമാധാനപരവും അതേസമയം ആവേശകരവുമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപും യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസും എൻ.ഡി.എ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണനും പി.വി. അൻവർ എം.എൽ.എയുടെ ഡി.എം.കെ സ്വതന്ത്ര സ്ഥാനാർത്ഥി എൻ.കെ.സുധീറുമാണ് മണ്ഡലത്തിൽ കളം നിറഞ്ഞു നിൽക്കുന്ന സ്ഥാനാർത്ഥികൾ.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുൻപേ പ്രചാരണം തുടങ്ങിയ മണ്ഡലമാണ് ചേലക്കര. രമ്യ ഹരിദാസിന്റെയും യു.ആർ. പ്രദീപിന്റെയും സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായതിനാൽ അണികൾ തുടക്കത്തിലേ രംഗത്തിറങ്ങി. അപ്രതീക്ഷിതമായാണ് അൻവറിന്റെ ഡി.എം.കെയും കളത്തിലെത്തിയത്. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ, വരവൂർ പഞ്ചായത്തുകളിൽ തുടത്തിലേ തന്നെ സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണം നടത്തി. ഓരോ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള പ്രചരണ പ്രവർത്തനങ്ങൾക്കാണ് മുന്നണികൾ രൂപം നൽകിയിട്ടുള്ളത്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണനെയാണ് അവസാനഘട്ടത്തിലാണ് പ്രഖ്യാപിച്ചതെങ്കിലും എല്ലാവരും കൺവെൻഷനുകളുമായി പ്രചാരണം കൊഴുപ്പിച്ചുതുടങ്ങി. എൽ.ഡി.എഫിന്റെ മേപ്പാടത്ത് 25ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി പ്രചാരണ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. മേഖലാ കൺവെൻഷനുകൾ 26 മുതൽ ആരംഭിക്കും.
കച്ച മുറുക്കി
സ്ഥാനാർത്ഥികൾ
മുതിർന്ന നേതാക്കളെത്തുന്നതോടെ, തിരഞ്ഞെടുപ്പ് രംഗം ആരോപണ പ്രത്യാരോപണങ്ങളോടെ ചൂടുപിടിക്കും. അതിരാവിലെ വേട്ടുതേടിയിറങ്ങുന്ന സ്ഥാനാർത്ഥികൾ രാത്രി വൈകിയും വോട്ടർമാർക്കൊപ്പമാണ്. പ്രചാരണത്തിൽ ആദ്യം ഇറങ്ങിയെന്നതും സ്ഥാനാർത്ഥി നിർണയത്തിലെ മേൽക്കൈയും നേട്ടമാകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ വൈകൽ ഒരു തരത്തിലും പ്രചാരണത്തെ ബാധിക്കില്ലെന്നാണ് എൽ.ഡി.എഫും എൻ.ഡി.എയും അവകാശപ്പെടുന്നത്. ഇതിനിടെ അൻവർ ഡി.എം.കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചെങ്കിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വാർത്താപ്രാധാന്യം നേടി.
കഴിഞ്ഞദിവസം റോഡ് ഷോയോടെ രംഗത്തിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ് ഇതിനോടകം എല്ലാ പഞ്ചായത്തിലും ഹ്രസ്വസന്ദർശനം നടത്തി. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ നേട്ടങ്ങളും കെ.രാധാകൃഷ്ണന്റെ വികസന പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്.
സ്ഥാനാർത്ഥിയുടെ പര്യടനത്തിനിടെ കൺവെൻഷനുമായി യു.ഡി.എഫ് കളം നിറയുകയാണ്. തുടർന്ന് പഞ്ചായത്ത്, ബൂത്തുതല കൺവെൻഷനിലേക്കും കടക്കും. ഇതിനുശേഷം കുടുംബ സംഗമത്തിലേക്കും പൊതുയോഗങ്ങളിലേക്കും പ്രവേശിക്കാനാണ് യു.ഡി.എഫ് തീരുമാനം. മണ്ഡലത്തിലെ വികസന പ്രശ്‌നമുയർത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.
അവസാനമാണ് രംഗത്തെത്തിയതെങ്കിലും എൻ.ഡി.എ ക്യാമ്പും സജീവം. തിരുവില്വാമല ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണൻ പ്രചാരണത്തിന് തുടക്കമിട്ടത്. ചേലക്കരയിൽ നൂറുക്കണക്കിന് പേരെ അണിനിരത്തി റോഡ് ഷോയുണ്ടായി. മോദി സർക്കാരിന്റെ നേട്ടങ്ങളും തൃശൂരിലെ വിജയവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ഉയർത്തിയാണ് പ്രചാരണം. എൻ.ഡി.എയ്ക്കായി കേന്ദ്രമന്ത്രിമാരുൾപ്പെടെ രംഗത്തെത്തും.
സ്ത്രീ വോട്ടുകൾ
നിർണായകം
കഴിഞ്ഞതവണ റെക്കാഡ് ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ്, ഭൂരിപക്ഷം കുറഞ്ഞാലും വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. സ്ത്രീ വോട്ടർമാർ തന്നെയാകും ഇത്തവണയും നിർണായകം. അതുകൊണ്ട് സ്ത്രീകൾ നേരിടുന്ന വിഷയങ്ങളും മറ്റും മണ്ഡലത്തിൽ സജീവ വിഷയമാണ്. മൂന്ന് മുന്നണികളും അവരുടെ പോഷക സംഘടനകളെ സജീവമാക്കി രംഗത്തിറക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ഭൂരിഭാഗവും എൽ.ഡി.എഫാണ് വിജയിച്ചതെന്ന റെക്കാഡാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. കഴിഞ്ഞതവണ യു.ഡി.എഫിനേക്കാൾ 9.60 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് കൂടുതൽ ലഭിച്ചത്. മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുനേട്ടമാണ് യു.ഡി.എഫിനും എൻ.ഡി.എയ്ക്കും പ്രതീക്ഷ നൽകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാകുമെന്നും അവർ വിശ്വസിക്കുന്നു.
അന്തിമ വോട്ടർ പട്ടിക ഉടൻ
ചേലക്കര നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ 2.11 ലക്ഷം കടന്നു. തിരഞ്ഞെടുപ്പ് വിഭാഗത്തിലെ 29 വരെയുള്ള കണക്ക് പ്രകാരം 2,11,211 വോട്ടാണുള്ളത്. ഇതിൽ 1,01,068 പുരുഷന്മാരും 1,10,140 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡേഴ്സുമാണ്. ഇതിൽ 315 ജീവനക്കാരുടെ വോട്ടുണ്ട്. പുതുതായി വോട്ടർമാരെ ചേർക്കാൻ ഒക്‌ടോബർ 15 വരെയായിരുന്നു സമയം. അതുവരെ ലഭിച്ച അപേക്ഷകൾ 25നകം പരിശോധിച്ച് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
2016ൽ കെ.രാധാകൃഷ്ണന് പകരം കളത്തിലിറങ്ങിയ പ്രദീപ് 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതുകൊണ്ടുകൂടിയാണ് വീണ്ടും പ്രദീപിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ഭരണവിരുദ്ധവികാരം തുണയ്ക്കുമെന്ന നല്ല ആത്മവിശ്വാസത്തോടെയാണ് രമ്യ ഹരിദാസ് ജനങ്ങളെ സമീപിക്കുന്നത്. സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നും യു.ഡി.എഫ് കരുതുന്നു. തിരുവില്വാമല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പാർട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ.ഡി.എസ്ഥാനാർത്ഥി കെ.ബാലകൃഷ്ണനും പ്രതീക്ഷയിലാണ്.
കാൽ ലക്ഷത്തോളം വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ എൻ.ഡി.എ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ നേടിയത് 28,000ഓളം വോട്ടാണ്. അൻവർ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് എൻ.കെ.സുധീറും വിശ്വസിക്കുന്നത്.
അൻവറും സജീവം
കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായിരുന്ന എൻ.കെ.സുധീറിനെ അടർത്തിയെടുത്ത് ഡി.എം.കെ സ്ഥാനാർത്ഥിയാക്കിയ പി.വി.അൻവർ എം.എൽ.എ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമാണ്. സ്ഥാനാർത്ഥിക്കൊപ്പം നടന്നാണ് പ്രചാരണം. 2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിനായി മത്സരിച്ചയാളാണ് സുധീർ. പതിനായിരത്തോളം വോട്ടിനാണ് പി.കെ.ബിജുവുമായി തോറ്റത്. ഡി.എം.കെ പിടിക്കുന്ന ഓരോ വോട്ടും മറ്റ് രണ്ട് സ്ഥാനാർത്ഥികളുടെയും ജയസാദ്ധ്യതയെ വല്ലാതെ ബാധിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
ലഭിച്ച വോട്ടും ശതമാനവും
കെ.രാധാകൃഷ്ണൻ (സി.പി.എം) 83,415 (54.15 %)
സി.സി.ശ്രീകുമാർ (കോൺഗ്രസ്) 44,015 (28.71 %)
ഷാജുമോൻ വട്ടേക്കാട്ട് (ബി.ജെ.പി) 24,045 (15.41%)
ചന്ദ്രൻ തിയ്യത്ത് (എസ്.ഡി.പി.ഐ) 1120 (0.73 %)
ആകെ വോട്ട് 2,02,283.
പുരുഷന്മാർ 97,303
സ്ത്രീകൾ 1,04,980
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |