തിരുവനന്തപുരം: മുതലപ്പൊഴിയിലെ ഹാർബർ വികസിപ്പിക്കാനുള്ള 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ഫിഷറീസ്,ആനിമൽ ഹസ്ബന്ററി,ഡയറീസ് മന്ത്രാലയത്തിനു കീഴിലുള്ള ടെക്നിക്കൽ കമ്മിറ്റിയാണ് അംഗീകരിച്ചത്. ഇതുസംബന്ധിച്ച കേന്ദ്ര ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ജോർജ്കുര്യനും മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും നടത്തിയ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിലാണ് അടിയന്തരമായി പദ്ധതിക്ക് അംഗീകാരമായത്. കേന്ദ്രത്തിന്റെ അന്തിമ ഉത്തരവ് ലഭ്യമാകുന്നതിനു പിന്നാലെ ഹാർബറിലെ ബ്രേക്ക് വാട്ടർ എക്സ്റ്റൻഷനും റിമോട്ട് കൺട്രോൾ ബോയകളും ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ ഓരോ ഘടകത്തിൻമേലും സംസ്ഥാന സർക്കാർ ടെൻഡർ നൽകും.
പദ്ധതി നിർവഹണം
മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യം 163 കോടി രൂപയാണ് കണക്കാക്കിയിരുന്നതെങ്കിലും ഹാർബറിന്റെ സുരക്ഷയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള അധിക ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയതിനാൽ 177 കോടിയായി പുതുക്കുകയായിരുന്നു.സംസ്ഥാന സർക്കാരിന്റെ ഇന്റേണൽ ടെക്നിക്കൽ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.
സി.ഡബ്ലിയു.പി.ആർ.എസ് പഠനം
വാമനപുരം നദി അറബിക്കടലിൽ ചേരുന്ന ഹാർബറിന്റെ പ്രവേശന കവാടത്തിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പ്രശ്നപരിഹാര നടപടികൾ ആരംഭിച്ചത്. ഹാർബറിലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന അപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശം നൽകാൻ പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (സി.ഡബ്ല്യു.പി.ആർ.എസ്) ചുമതലപ്പെടുത്തിയിരുന്നു.
സി.ഡബ്ലിയു.പി.ആർ.എസ് നൽകിയ പഠന റിപ്പോർട്ടിൻമേൽ ഹാർബർ എൻജിനിയറിംഗ് വിഭാഗം ഡി.പി.ആർ തയ്യാറാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ തെക്ക് ഭാഗത്തുള്ള ബ്രേക്ക് വാട്ടറിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കാനും മണൽ ബൈപ്പാസിംഗ് രീതി ഉപയോഗിക്കാനും സി.ഡബ്ല്യു.പി.ആർ.എസ് ശുപാർശ ചെയ്തിട്ടുണ്ട്.
അപകടങ്ങൾ ഒഴിവാക്കാൻ
തെക്ക് ഭാഗത്തുള്ള ബ്രേക്ക് വാട്ടറിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കും
മണൽ ബൈപ്പാസിംഗ് രീതി ഉപയോഗിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |