വാഷിംഗ്ടൺ : യു.എസിൽ ഫാസ്റ്റ് ഫുഡ് ഭീമൻമാരായ മക്‌ഡൊണാൾഡ്സിന്റെ 'ക്വാർട്ടർ പൗണ്ടർ" ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൊളറാഡോ സ്വദേശിയായ ഒരാൾ മരിച്ചു. ബർഗറിൽ ഇ.കോളി ബാക്ടീരിയയെ കണ്ടെത്തി. യു.എസിലെ പത്ത് സംസ്ഥാനങ്ങളിൽ 49 പേർ ചികിത്സ തേടി. കൊളറാഡോ, നെബ്രസ്‌ക സ്റ്റേറ്റുകളിലാണ് കൂടുതൽ കേസുകൾ. അന്വേഷണത്തിൽ രോഗബാധിതരായ പലരും മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റുകളിൽ നിന്ന് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചെന്ന് കണ്ടെത്തി. സെപ്റ്റംബർ 27 - ഒക്ടോബർ 11 കാലയളവിൽ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) അന്വേഷണം ആരംഭിച്ചു. ബർഗറിലെ ഉള്ളിയിലോ ബീഫിലോ ആകാം ബാക്ടീരിയയെന്ന് കരുതുന്നു.
വിഷബാധയ്ക്ക് കാരണമായ ബർഗറുകൾ ഔട്ട്‌ലെറ്റുകളിൽ നിന്ന് നീക്കി. സംഭവത്തെ തുടർന്ന് മക്ഡൊണാൾഡ്സിന്റെ ഓഹരി ആറ് ശതമാനം ഇടിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാൾഡ്സിന് നൂറിലേറെ രാജ്യങ്ങളിലായി 40,000ത്തിലേറെ സ്റ്റോറുകളുണ്ട്.
ഭക്ഷ്യസുരക്ഷ വളരെ പ്രധാനമാണ്. വിഷബാധയ്ക്ക് കാരണമായ ഉത്പന്നങ്ങൾ താത്കാലികമായി ഒഴിവാക്കാൻ നിർദ്ദേശിച്ചു.
-ജോ എർലിൻഗർ
പ്രസിഡന്റ്, മക്‌ഡൊണാൾഡ്സ്, യു.എസ്.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |