കൽപ്പറ്റ: സമയം രാവിലെ ആറ്. സുൽത്താൻ ബത്തേരിയിലെ റിസോർട്ടും പരിസരവും കനത്ത പൊലീസ് വലയത്തിൽ. സോണിയഗാന്ധി, പ്രിയങ്കാ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ, കേന്ദ്ര- സംസ്ഥാന നേതാക്കൾ... ഇവരെല്ലാം കാത്തിരിപ്പിലാണ്... ഒടുവിൽ 10.12ന് ഹെലികോപ്ടർ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ പുറത്തേക്ക്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരെ റിസോർട്ടിലേക്ക്.
പ്രഭാത ഭക്ഷണം, ലഘു വിശ്രമം. അപ്പോഴേക്കും സമയം പതിനൊന്ന് ആയി. 30 കിലോമീറ്റർ അകലെയുള്ള കൽപ്പറ്റയിലാണ് റോഡ് ഷോയും പത്രികാ സമർപ്പണവും. നാൽപ്പത് മിനിറ്റ് യാത്ര. 11.50ന് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരം ജനസാഗരം. ബൈപ്പാസ് റോഡ് വഴി നെഹ്റു കുടുംബാംഗങ്ങൾ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് എത്തി... നെഹ്റു കുടുംബത്തിലെ മുഴുവൻ പേരെയും ഒറ്റ ഫ്രെയിമിൽ കാണാനുള്ള അപൂർവ അവസരം. കൈകൾ വീശി രാഹുലും പ്രിയങ്കയും ജന ഹൃദയങ്ങളിലേക്ക്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർ വർണ്ണ ബലൂണുകൾ വീശിയും 'വയനാടിന്റെ പ്രിയങ്കരി"യെന്ന പ്ളക്കാർഡ് ഉയർത്തിയും എതിരേറ്റു. തുറന്ന വാഹനത്തിൽ യു.ഡി.എഫ് നേതാക്കളായ കെ.സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ തുടങ്ങിയവർ. അവർക്കൊപ്പം രാഹുലും പ്രിയങ്കയും റോബർട്ട് വദ്ര, മകൻ റെയ്ഹാൻ എന്നിവരും കയറി. വീഥിയുടെ ഇരു ഭാഗങ്ങളിലും കെട്ടിടങ്ങളുടെ മുകളിലും നിന്നവർക്കുനേരെ കൈകകൾ കൂപ്പിയും വീശിയും ഫ്ളൈയിംഗ് ക്വിസ് നൽകിയും രാഹുലും പ്രിയങ്കയും മുന്നോട്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൽപ്പറ്റ നഗരവീഥികളിലൂടെയുള്ള റോഡ് ഷോ സ്നേഹ യാത്രപോലെയായി... മഹാറാണി ടെകസ്റ്റൈൽസിന് മുന്നിലെത്തുമ്പോൾ സമയം 12.40. ഇവിടെയും വൻ ജനാവലി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അവിടെയുണ്ടായിരുന്നു. 12.44ന് പ്രിയങ്ക പ്രസംഗം ആരംഭിച്ചു.
'സഹോദരിയെ നിങ്ങളെ ഏൽപ്പിക്കുന്നു"
സഹോദരിയെ നിങ്ങളെ ഏൽപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ജനപ്രതിനിധികളാണ് വയനാടിന് ഉണ്ടാകാൻ പോകുന്നത്. ഒന്ന് ഔദ്യോഗിക എം.പിയും രണ്ടാമത്തെത് അനൗദ്യോഗിക എം.പിയും. കരഘോഷത്തോടെയാണ് രാഹുലിന്റെ പ്രസംഗം ഏവരും ശ്രവിച്ചത്. 11മിനിറ്റ് നീണ്ട പ്രസംഗത്തിന് ശേഷം പരസ്പരം കെട്ടിപ്പിടിച്ചാണ് ഇരുവരും സ്റ്റേജിൽ നിന്നിറങ്ങിയത്. അവിടെനിന്ന് നേരെ വയനാട് കളക്ടറേറ്റിലേക്ക്. 1.27ന് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീക്ക് മുന്നിലെത്തി. പത്രിക നൽകി പുറത്തിറങ്ങുമ്പോൾ ദേശീയ മാദ്ധ്യമങ്ങളടക്കംവളഞ്ഞു. ആരോടും ഒന്നും പറഞ്ഞില്ല. തുടർന്ന് ദുരന്തം നടന്ന മുണ്ടക്കൈ ചൂരൽമലയിലെത്തി പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |