ജക്കാർത്ത : ഇൻഡോനേഷ്യൻ തീരത്ത് സ്വോർഡ് ഫിഷിന്റെ കുത്തേറ്റ് സർഫർക്ക് ദാരുണാന്ത്യം. വടക്കൻ ഇറ്റലിയിലെ ടൂറിനിൽ നിന്നുള്ള ഗ്വിലിയ മാൻഫ്രിനി (36) എന്ന യുവതിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ മൊന്റാവായി ഐലൻഡ്സിന് സമീപം സർഫിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. സ്വോർഡ് ഫിഷിന്റെ കൊമ്പ് യുവതിയുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് പേർ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തിൽ നിന്ന് കുതിച്ചു പൊങ്ങിയ സ്വോർഡ് ഫിഷ് പെടുന്നനെ യുവതിക്ക് നേരെ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്വോർഡ് ഫിഷുകൾ മനുഷ്യരെ ആക്രമിക്കുന്നത് വളരെ അപൂർവമാണ്. എന്നാൽ ഇവയുടെ മുഖത്തിന് മുന്നിലുള്ള നീളമേറിയ വാൾ പോലെ കൂർത്ത കൊമ്പ് മനുഷ്യ ശരീരത്തിൽ തറച്ചാൽ മരണം വരെ സംഭവിക്കാം. സ്രാവുകൾ അടക്കമുള്ള കടൽജീവികൾക്കും ഇത് ഭീഷണിയാണ്.
അറ്റ്ലാന്റിക്, പസഫിക്, ഇന്ത്യൻ സമുദ്രങ്ങളിൽ കാണപ്പെടുന്ന സ്വോർഡ് ഫിഷുകൾ 10 - 14 അടി വരെ നീളം വയ്ക്കും. 650 കിലോഗ്രാം വരെ ഭാരവും ഇവയ്ക്കുണ്ടാകും. സമുദ്റത്തിലെ ഏറ്റവും വേഗം കൂടിയ ജീവികളിലൊന്നാണ് സ്വോർഡ് ഫിഷുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |