10 ലക്ഷവും 50 പവനും നൽകി
100 പവൻ കൂടി ആവശ്യപ്പെട്ട് ഭർത്തൃമാതാവ്
അമ്മയ്‌ക്ക് സന്ദേശം അയച്ചു, പിന്നാലെ ജീവനൊടുക്കി
നാഗർകോവിൽ / കൊല്ലം: മലയാളിയായ മുൻ കോളേജ് അദ്ധ്യാപികയെ തമിഴ്നാട് ശുചീന്ദ്രത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്തൃമാതാവ് പീഡിപ്പിക്കുന്നുവെന്ന് അമ്മയ്‌ക്ക് വാട്ട്സാപ്പ് സന്ദേശം അയച്ചതിനു പിന്നാലെയാണ് മരണവാർത്ത ബന്ധുക്കൾ അറിയുന്നത്. ആത്മഹത്യയെന്നാണ് നിഗമനം.
കോയമ്പത്തൂർ കോവിൽപാളയത്ത് സ്ഥിരതാമസക്കാരായ, തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരൻ കൊല്ലം പിടവൂർ സ്വദേശി ബാബുവിന്റെയും സതീദേവിയുടെയും മകൾ ശ്രുതിയാണ് (24) മരിച്ചത്. ശുചീന്ദ്രം തെർക്മണിലുള്ള ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ 21ന് രാവിലെ 7.30ന് ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്തൃമാതാവ് ചെമ്പകവല്ലി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആറ് മാസം മുൻപാണ് തമിഴ്നാട് വൈദ്യുതി ബോർഡിൽ ക്ലാർക്കും ശുചീന്ദ്രം തെർക്മൺ സ്വദേശിയുമായ കാർത്തികുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. ഇംഗ്ലീഷിൽ എം.എ ബിരുദധാരിയായ ശ്രുതി കോയമ്പത്തൂർ എസ്.എൻ കോളേജിൽ അസി. പ്രൊഫസറായിരുന്നു. വിവാഹശേഷം ഭർത്തൃവീട്ടുകാർ നിർബന്ധിച്ച് ജോലി രാജിവയ്പ്പിച്ചതാണ്.
മരിക്കുന്നതിന് മുൻപ് ശ്രുതി തന്റെ അമ്മയുടെ വാട്സാപ്പിൽ ഭർത്തൃവീട്ടിലെ പീഡനങ്ങൾ സംബന്ധിച്ച ശബ്ദസന്ദേശം അയച്ചിരുന്നു. ഉടൻ വീട്ടുകാർ ശ്രുതിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ബന്ധുക്കൾ ശുചീന്ദ്രത്തേക്ക് പോകവേ, ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്ന വിവരം ലഭിക്കുകയായിരുന്നു. സംഭവ സമയത്ത് കാർത്തിക്കും മാതാവും വീട്ടിലുണ്ടായിരുന്നു.സ്ത്രീധനത്തിന്റെ പേരിൽ ചെമ്പകവല്ലി ശ്രുതിയുമായി നിരന്തരം വഴക്കിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബന്ധുക്കൾ പറയുന്നത്: മൂന്ന് ലക്ഷം രൂപയും 40 പവനും വിവാഹ സമ്മാനമായി കൊടുക്കാമെന്നാണ് ശ്രുതിയുടെ വീട്ടുകാർ വിവാഹാലോചന സമയത്ത് പറഞ്ഞിരുന്നത്. ശ്രുതിയുടെ അച്ഛന്റെ പേരിലുള്ള നാല് വീടുകളിൽ മൂന്നെണ്ണം ഭാഗം വയ്പ്പിന് ശേഷം നൽകാമെന്നും പറഞ്ഞിരുന്നു. വിവാഹം വിപുലമായി നടത്താൻ ഭർത്തൃവീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ടു. ഇതോടെ 10 ലക്ഷം രൂപയും 50 പവനും നൽകി. വിവാഹം കഴിഞ്ഞ് വീണ്ടും 100 പവൻ ആവശ്യപ്പെട്ട് ചെമ്പകവല്ലി ശ്രുതിയെ മാനസികമായി പീഡിപ്പിച്ചു.
ശുചീന്ദ്രം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആശാരിപ്പള്ളം മെഡി. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്രുതിയുടെ കുടുംബം ജോലിസംബന്ധമായി വർഷങ്ങൾക്ക് മുൻപ് കൊല്ലത്തു നിന്ന് കോയമ്പത്തൂരിലേക്ക് മാറിയതാണ്. സഹോദരൻ: വിശാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |