കണ്ണൂർ: ആത്മഹത്യക്കു മുൻപ് അഞ്ചരമണിക്കൂറിലധികം എ.ഡി.എം നവീൻ ബാബു റെയിൽവേസ്റ്റേഷനിൽ ചെലവഴിച്ചതായി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും വ്യക്തമാക്കുന്നു. അദ്ദേഹം മരണത്തിലേക്ക് നീങ്ങിയ അവസാന മണിക്കൂറുകൾ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചു. ആത്മഹത്യയ്ക്കു മുമ്പ് അനുഭവിച്ച മാനസിക സംഘർഷങ്ങൾ വ്യക്തമാകുന്നതാണ് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ.
സ്ഥലംമാറ്റം കിട്ടി നാട്ടിലേക്ക് മടങ്ങാൻ ബുക്ക് ചെയ്ത 14നു രാത്രിയുള്ള മലബാർ എക്സ്‌പ്രസ് ട്രെയിൻ 8.45നാണ് കണ്ണൂരിൽനിന്ന് പുറപ്പെടുക. യാത്രഅയപ്പ് യോഗത്തിനുശേഷം വൈകിട്ട് 6.35 ഓടെ നവീൻ ബാബു കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പരിസരത്തെത്തി. ട്രെയിൻ വരാൻ സമയമുള്ളതിനാൽ ക്വാർട്ടേഴ്സിലേക്ക് പോയി. എട്ടരയോടെ ക്വാർട്ടേഴ്സിൽ നിന്ന് ഓട്ടോറിക്ഷയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. സ്‌റ്റേഷനിലെത്തിയപ്പോഴേക്കും വണ്ടി പുറപ്പെട്ടിരുന്നു. അതിനുശേഷം അവിടെയുള്ള കസേരയിൽ മണിക്കൂറുകളോളം ഇരുന്നു. ഇടയ്ക്കിടെ മൊബൈലിൽ നോക്കി സമയം ചെലവഴിക്കുന്നുണ്ടായിരുന്നെങ്കിലും നവീൻ അസ്വസ്ഥനായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്ലാറ്റുഫോമിൽനിന്ന് ഒരു വട്ടം അദ്ദേഹം പാളത്തിലേക്ക് ഇറങ്ങുന്നതും ദൃശ്യത്തിലുണ്ട്. പുലർച്ചെയോടെയാണ് ഓട്ടോറിക്ഷയിൽ വീണ്ടും പള്ളിക്കുന്നിലെ താമസസ്ഥലത്തേക്ക് മടങ്ങിയത്. രാവിലെ 4.30നും ആറിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് മറ്റു തെളിവുകൾ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |