വിവാദ എസ്.എച്ച്.ഒയെ നിലനിറുത്തി
കണ്ണൂർ: നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകൽപോലെ വ്യക്തമായിട്ടും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. അതേസമയം, നിലവിൽ അന്വേഷിക്കുന്ന കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരിയെയും സംഘത്തിൽ ഉൾപ്പെടുത്തി. ദിവ്യയ്ക്ക് ഒളിവിൽ കഴിയാൻ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറാണ് പുതിയ സംഘത്തലവൻ. കണ്ണൂർ റേഞ്ച് ഡി.ഐ.ജ രാജ്പാൽ മീണ മേൽനോട്ടം വഹിക്കും. കണ്ണൂർ എ.സി.പി രത്നകുമാർ, ഇൻസ്‌പെക്ടർ സനൽകുമാർ, എസ്.ഐമാരായ സവ്യസാചി, രേഷ്മ, എ.എസ്.ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
അന്വേഷണ സംഘം പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴിയെടുത്തു. മുതിർന്ന സി.പി.എം നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇയാളാണ് പ്രശാന്തനെക്കൊണ്ട് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്ന് ആരോപണമുണ്ട്. അതേസമയം, ദിവ്യയുടെ ബിനാമിയല്ല പ്രശാന്തനെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയരുന്നു.
ദിവ്യ ഇന്ന് കീഴടങ്ങും?
കോടതിയിൽ ദിവ്യയുടെ മുൻകൂർജാമ്യത്തെ എതിർത്തുള്ള വാദമെല്ലാം കഴിഞ്ഞശേഷമാണ് പ്രത്യേകസംഘം വരുന്നത്. ആത്മഹത്യാ പ്രേരണക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ദിവ്യയ്ക്ക് നിയമോപദേശം കിട്ടിയെന്നറിയുന്നു. ഒളിവിൽ കഴിയുന്ന ദിവ്യ പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് കീഴടങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |