കുന്ദമംഗലം : ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ 'തല' യിൽ വിജയ കിരീടം. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ നാടകത്തിൽ ഫിദൽ ഗൗതം മികച്ച നടനായി. ജിനോ ജോസഫിനാണ് മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം. നിർമ്മിത ബുദ്ധിയെ ഇതിവൃത്തമാക്കി അന്ധവിശ്വാസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ ശക്തമായ സന്ദേശമായി നാടകം. ഊരിലെ അന്തവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര ബോധം ഉയർത്തിപ്പിടിച്ച അച്ഛനും മകനും കേന്ദ്ര കഥാപാത്രങ്ങളായാണ് നാടകം വികസിക്കുന്നത്. അന്തവിശ്വാസങ്ങൾ തുറന്ന് കാട്ടിയ അച്ഛനെ ഊരുവിലക്കി നാടുകടത്തിയെങ്കിലും ശാസ്ത്ര വഴി വിടാതെ പിന്തുടർന്ന മകൻ ഊരുകാരുടെ ആരാധന മൂർത്തിയായ മാടൻ വല്യച്ഛന്റെ തലയോട്ടിക്കകത്ത് എ.ഐ ചിപ്പ് സ്ഥാപിച്ച് പ്രകൃതി ദുരന്തങ്ങളും മറ്റും പ്രവചിക്കുന്നു. പ്രവചനങ്ങൾ പലതും യാഥാർത്ഥ്യമായതോടെ തലയോട്ടിക്കുള്ളിൽ ഘടിപ്പിച്ച ചിപ്പ് പുറത്തെടുത്ത് ശാസ്ത്ര സത്യം വെളിപ്പെടുന്നിടത്ത് നാടകത്തിന് തിരശീല വീഴുന്നു. "മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്നവരുടെ ജീവനുള്ള തലച്ചോറുകളാണ് ചരിത്രം രചിച്ചത്.....മനുഷ്യർ നിർമ്മിച്ച യന്ത്രങ്ങൾ ലോകം നിയന്ത്രിക്കുന്ന കാലത്ത് ഇനിയെങ്കിലും തലച്ചോറ് കൊണ്ട് ചിന്തിക്കെന്ന് ആഹ്വാനം ചെയ്യുന്ന നാടകത്തെ നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റെടുത്തത്. കഴിഞ്ഞ 20 വർഷമായി ശാസ്ത്ര നാടകത്തിൽ ജില്ലാ - സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ യാഷിൻറാം സി എം, ലാമിയ എസ് ആർ, നീഹാർ ഗൗതം വി കെ, അദ്രിനാദ്, ഇഷാൻ, ഫിദൽ ഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിധിൻ എന്നിവരാണ് വേദിയിൽ തകർത്താടിയത്. സയൻസ് അദ്ധ്യാപകനായ രാഗേഷ് പുറ്റാറത്ത് നടകസംഘത്തിന് നേതൃത്വം നൽകി. കൊയിലാണ്ടി പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് രണ്ടാം സ്ഥാനം സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര, സെന്റ് വിൻസന്റ് കോളനി ഗേൾസ് ഹൈസ്കൂൾ കോഴിക്കോട് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. 11 ഉപജില്ലയിൽ നിന്നായി 11 നാടകങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |