ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്ത ആക്രമണത്തിനു പിന്നാലെ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാസേന. നിയന്ത്രണ രേഖയ്ക്ക് സമീപവും ഉൾപ്രദേശങ്ങളിലും ഡ്രോണുകളും ഹെലികോപ്ടറുകളും ഉൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ. വന മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചു. ആക്രമണം നടന്ന പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള വഴികൾ അടച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയായ (പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്) പി.എ.എഫ്.എഫ് ഏറ്റെടുത്തു. ജമ്മു കാശ്മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
രണ്ട് ദിശകളിൽ നിന്ന്
ഗുൽമാർഗിലെ ബൂട്ടപത്രിയിലെ നാഗിൻ പോസ്റ്റ് ഏരിയയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത്. രണ്ട് ദിശകളിൽ നിന്നാണ് ആക്രമണമുണ്ടായത്. സൈനിക ട്രക്കിൽ നിന്ന് റൈഫിളുകൾ തട്ടിയെടുക്കാനും ഭീകരർ ശ്രമിച്ചതായി അധികൃതർ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് ആക്രമിച്ചത്. കൊല്ലപ്പെട്ട പ്രദേശവാസികൾ ചുമട്ടുതൊഴിലാളികളാണ്. സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും ഭീകരരെ ഇല്ലാതാക്കാനുള്ള പ്രവർത്തനം തുടരാൻ നിർദ്ദേശിച്ചതായും ലെഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിച്ച അദ്ദേഹം നിസ്വാർത്ഥ സേവനവും പരമോന്നത ത്യാഗവും രാജ്യം മറക്കില്ലെന്ന് എക്സിൽ കുറിച്ചു.
ഞായറാഴ്ച വൈകുന്നേരം ഗന്ദർബാൽ ജില്ലയിൽ ഡോക്ടറും തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |