'അധികമൊന്നും വേണ്ട, കുറച്ചുമതി."
'എന്താണ്?"
'സ്നേഹം...!"
'ഇവിടെ കുറച്ചായി ഒന്നും കൊടുക്കില്ല."
'അങ്ങനെ പറയരുത്... എനിക്കല്പം മതി. ഒരുപാടു തന്നാൽ ബാക്കി ഞാനെന്തു ചെയ്യും?!"
'ഇത് ഹോൾസെയിൽ ഷോപ്പാണ്. റീട്ടെയിൽ ഇവിടെയില്ല."
'പല സ്ഥലത്തുനിന്നും കുറേശ്ശേ ലഭിച്ചു... ഒരു നൂറുഗ്രാമിന്റെ കുറവ് കൂടിയേയുള്ളൂ. ദയവായി...?"
'സമയം കളയണ്ട... സ്ഥലം വിടാൻ നോക്ക്...!"
'കരുണയില്ലാത്ത വർഗം. ഇത്തിരി സ്നേഹത്തിനായി കെഞ്ചിപ്പറഞ്ഞിട്ടും..."
'ഓരോരുത്തര് വന്നോളും, കുറച്ച് സ്നേ...."
രണ്ടും രണ്ട്
'റാഗിംഗും, റേപ്പിംഗും തമ്മിലെന്താ വ്യത്യാസം?"
'രണ്ടും ലളിത കലകൾ തന്നെ. ആദ്യത്തേത് കലാപശാലകളിൽ മാത്രം നടക്കുന്നു. രണ്ടാമത്തേത് കുറേകൂടി ജനകീയമായതുകൊണ്ട് എവിടെ വച്ചും എപ്പോഴുമാവാം. ആദ്യത്തേതിന് ഗ്രേസ് മാർക്കും, രണ്ടാമത്തേതിന് ഗ്രാന്റും പ്രതീക്ഷിക്കാം.!"
മുയൽക്കൊമ്പുകൾ
അയാൾ പിടിച്ച മുയലിന് മൂന്ന് കൊമ്പുകളുണ്ടായിരുന്നു.
മുയൽക്കൊമ്പുകാണാൻ അയാളുടെ വീടിന് ചുറ്റും ജനംകൂടി.
ഒരുദിവസം മൂന്ന് കൊമ്പുകളുള്ള മുയലിനെ കാണാൻ വന്ന ജനം ചോരയിൽ കുളിച്ചുകിടക്കുന്ന അയാളെയാണ് കണ്ടത്...!!
തൊട്ടടുത്ത്, ചോരയണിഞ്ഞ കൊമ്പുമായി മുയൽ!
(കവിത)
നിസ്സഹായന്റെ പാട്ട്
കണ്ടല്ലൂർ ലാഹിരി
ഒരു കുഞ്ഞു കിനാവിന്റെ കവിളിൽ മയങ്ങും
കണ്ണുനീർത്തുള്ളിയാണിന്നെന്റെ ജീവിതം
ഒരു കുഞ്ഞു പൂവിന്റെ മധു തേടിയലയും
ചിറകറ്റ ശലഭത്തിൻ വേദനയാണു ഞാൻ.
ആനന്ദമാ,മരുവി കണ്ണീരായ് ഒഴുകി
ആശകൾ നിരാശയിൽ ഉരുകിയുമൊടുങ്ങി
കരളിലൊരു നോവിന്റെ കടന്നലു കുത്തി
കടലോളമായ് മിഴികളും നിറഞ്ഞതാ
മിഴിനീരാൽ ഉയിരിന്റെ വിളക്കണഞ്ഞു
ഇരവിന്റെ ഇമകളിൽ ഞാൻ മൂകനായി പിടഞ്ഞു.
ശുഭസന്ധ്യയിന്നൊരു കനലായെരിഞ്ഞു
കനലെന്റെ സ്വപ്നക്കതിരു കരിച്ചു
വേദന ചില്ലിലെൻ വദനം തെളിഞ്ഞു
ചില്ലാൽ ചങ്കിലായ് ചോര കിനിഞ്ഞു.
ഞാനിന്നു തേടുന്നു സ്വപ്നത്തുരുത്ത്
ആകാശ, മുയരാൻ ഒരു ചിറകിൻ കരുത്ത്
ദുഃഖങ്ങൾ പങ്കിടാൻ എൻ കരളും പകുത്ത്
നിഴലായി, നിറമായി വരുമൊരാൾ ചാരത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |