പൊലീസിനെ കണ്ട് പ്രതി ഒളിക്കുന്നത് മനസിലാക്കാം. പ്രതിയെ അബദ്ധത്തിൽ പോലും കാണാതിരിക്കാൻ പൊലീസ് ഒളിച്ചോലോ? കണ്ണൂരിലെ പൊലീസ് കഴിഞ്ഞ രണ്ടാഴ്ചയോളമായി പി.പി.ദിവ്യയെ കാണാതെ ഒളിച്ചുകളിയിലാണത്രെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ യാത്രഅയപ്പ് ചടങ്ങിൽ പറഞ്ഞ കൊള്ളിവാക്കുകളാണ് എ.ഡി.എം നവീൻ ബാബു ജീവനൊടുക്കാൻ കാരണമാണെന്നാണല്ലോ കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ദിവ്യയ്ക്കെതിരെ കേസുമെടുത്തു. പക്ഷേ, ദിവ്യയെ ഒന്നു ദർശിക്കാൻ പോലുമുള്ള ഭാഗ്യം പൊലീസിന് ലഭിച്ചില്ല! ഇടയ്ക്ക് പൊലീസ് സ്റ്റേഷന് എതിർ വശത്തുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി ദിവ്യ രാജിക്കത്ത് നൽകി മടങ്ങുന്നത് ആരൊക്കെയോ മിന്നായം പോലെ കണ്ടെന്നാണ് കേട്ടത്. ചായ കുടിക്കാൻ പുറത്തിറങ്ങിയ പൊലീസുകാരനും കൂട്ടത്തിലുണ്ടായിരുന്നു. അക്കാര്യം ഏമാനോട് പറഞ്ഞപ്പോൾ,'തൊപ്പി തെറിക്കാതെ നോക്കെടോ" എന്നായിരുന്നുവത്രെ മറുപടി. ദിവ്യയുടെ വീടിന് ഒരു കിലോ മീറ്റർ അകലെ വരെയേ പൊലീസിന് പ്രവേശനമുള്ളൂ. അതും, പ്രതിഷേധക്കാരെ തടയാനുള്ള ബാരിക്കേഡ് വരെ!
'അവളെ പേടിച്ചാരും നേർവഴി നടപ്പീലാ". പതിനായിരം ആനകളുടെ ശക്തിയുള്ള, അതിഭയങ്കര രാക്ഷസിയായ താടകയെ രാമായണത്തിൽ വിശ്വാമിത്ര മഹർഷി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ദിവ്യയെ എങ്ങാനും വഴിയിൽ കണ്ടുമുട്ടിയാലോയെന്ന് ഭയന്ന് കണ്ണൂരിലെ പൊലീസ് റൂട്ട് മാറി സഞ്ചരിക്കുന്നതിനെ സി.പി.എമ്മിലെ തന്നെ എതിർ സൈബർ പോരാളികൾ ഉപമിക്കുന്നത് അതിനോടാണ്. റവന്യൂവകുപ്പിലെയും, ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തി നവീൻ ബാബുവിന്റെ മരണത്തിന് പ്രേരണ നൽകിയത് ദിവ്യയാണെന്ന റിപ്പോർട്ട് നൽകിയിട്ടും, പൊലീസ് ഒളിച്ചുകളി തുടരുന്നുവെന്നാണ് ആക്ഷേപം. സി.ഐയുടെ നേതൃത്വത്തിലായിരുന്ന പൊലീസ് അന്വേഷണം ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായ ശേഷം സിറ്റി കമ്മിഷണറുടെ നേതൃത്വത്തിലുളള ഉന്നത സംഘത്തെ സർക്കാർ ഏൽപ്പിച്ചു. അത് ദിവ്യയുടെ സംരക്ഷണം കൂട്ടാനാണെന്ന് വരെ ട്രോളന്മാർ!
തലശ്ശേരി ബ്രണ്ണൻ കോളേജ് കാലം മുതൽ രാഷ്ട്രീയമായി കൊമ്പുകോർത്ത പിണറായി സഖാവിനും കുമ്പക്കുടി സുധകരനും അന്നവർ കാണിച്ച ചില പ്രത്യേക ഏക്ഷനുകൾ ഇപ്പോഴും ഇടയ്ക്കിടെ പുറത്തെടുക്കാറുണ്ട്. ആദ്യം കുറെ തീയും പുകയുമൊക്കെ ഉയരുമെങ്കിലും അതുകേട്ട് അവരുടെ അണികൾ ആവേശഭരിതവും. ഇതിൽ ഒടുവിലത്തെ 'സേമ്പിൾ" കുമ്പക്കുടി വക. ' ഞങ്ങളെ ഒറ്റുകൊടുത്ത് സി.പി.എമ്മിന് ഈ ബാങ്ക് പതിച്ചു കൊടുക്കാൻ കരാറെടുത്തവരുണ്ടല്ലേ. അവർ ഒന്നോർത്തോളൂ. എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്ത് തന്നെ ജീവിക്കാൻ അനുവദിക്കില്ല. എവിടെ നിന്നാണ് ശൂലം വരുകയെന്നൊന്നും ഞാൻ പറയില്ല. എവിടെ നിന്നും വരാം. തടി വേണോ? ജീവൻ വേണോ? കുമ്പക്കുടിയുടെ വെല്ലുവിളി. കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം പാർട്ടിയിലെ ചില തുരപ്പന്മാർക്ക് എതിരെയാണ് വെല്ലുവിളി. പക്ഷേ, കാലം മാറിയെന്നും സുധാകരന്റെ പഴയ ഏക്ഷൻ ഇനി ചെലവാകില്ലെന്നുമാണ് സി.പി.എമ്മിന്റെ മറുപടി. അക്രമം നടത്താൻ കോഴിക്കോട്ടെ ജനങ്ങൾ അനുവദിക്കില്ല. അതിനെതിരെ രംഗത്ത് വരുന്ന കോൺഗ്രസുകാർക്ക് സംരക്ഷണം നൽകാനും പാർട്ടി തയ്യാർ!
'സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ, ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായീടുന്നിതു ചിലർ." ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരള രാഷ്ട്രീയത്തിലെ ചില കോപ്രായങ്ങൾ ഓർമിപ്പിക്കുന്നത് പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളാണ്. സാക്ഷരതയിൽ മാത്രമല്ല, എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാനുള്ള കോഴപ്പണത്തിന്റെ കാര്യത്തിലും കേരളം ഒന്നാമത് !.. 'കേരളമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം" എന്നത് 'അപമാനപൂരിതമാകണം" എന്ന് മാറ്റിപാടേണ്ട സ്ഥിതിയോ? മഹാരാഷ്ട്രയിൽ ശരത് പവാറിന്റെ ബന്ധു അജിത് പവാറിനെയും സംഘത്തെയും ബി.ജെ.പി ചാക്കിട്ട് പിടിച്ച് സർക്കാരുണ്ടാക്കിയപ്പോൾ ഒരു എം.എൽ.എയ്ക്ക് 25 കോടി. എന്നാൽ, കേരള എൻ.സി.പിയിലെ തോമസ് കെ. തോമസിന് മന്ത്രിയാവുന്നതിന് ഇടതു മുന്നണിയിലെ രണ്ട് എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാൻ ഓഫർ 100 കോടി. ഒരു എം.എൽ.എയ്ക്ക് 50 കോടി!
എട്ട് കൊല്ലത്തോളം അടയിരുന്ന മന്ത്രിക്കസേരയിൽ നിന്ന് എ.കെ. ശശീന്ദ്രനെ ഇറക്കി ആ കസേരയിൽ കയറിപ്പറ്റാൻ ഡബിൾ തോമസ് പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. നടന്നില്ല. ഇടഞ്ഞു നിന്ന സംസ്ഥാന അദ്ധ്യക്ഷൻ പി.സി. ചാക്കോയെ ആദ്യം വശത്താക്കി. പിന്നാലെ, അഖിലേന്ത്യൻ സാക്ഷാൽ ശരദ് പവാർജിയെയും. തൊമ്മൻ അയഞ്ഞപ്പോൾ ചാണ്ടി മുറുകി. തോമസ് കെ. തോമസിനെതിരെ സാമ്പത്തിക ആരോപണമുള്ളതിനാൽ പിന്നീട് ആലോചിക്കാമെന്നായിരുന്നു മുഖ്യൻ നൽകിയ മറുപടി. ഓഫർ ലഭിച്ചതായി പറയുന്ന കോവൂർ കുഞ്ഞുമോൻ എം.എൽ.എയ്ക്ക് അതേപ്പറ്റി അറിവില്ല. മുൻ മന്ത്രി ആന്റണി രാജുവിന് അറിയാം. പക്ഷേ, മുഖ്യമന്ത്രിയോട് മാത്രമേ പറയൂ. കണ്ണൂരിലെ ദിവ്യ വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഒപ്പിച്ച പണിയാണിതെന്ന് വരെ കേൾക്കുന്നു കിഞ്ചന വർത്തമാനം!
പുലരും വരെ രാമായണം വായിച്ചയാളോട് സീതയുടെ ഭർത്താവാരെന്ന് ചോദിച്ചാൽ രാമനോ, അതോ രാവണനോ എന്ന് ചിലപ്പോൾ സംശയിച്ചെന്ന് വരാം. തൃശൂർ പൂരം നടന്നിട്ട് മാസം ആറായി. പൂരം കലങ്ങിയെന്നും, കലക്കിയത് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണെന്നു വരെ വിവാദം ആളിക്കത്തി. എ.ഡി.ജി.പി അജിത് കുമാർ ആ സ്ഥാനത്ത് നിന്ന് തെറിച്ചു. സംഭവം അന്വേഷിക്കാൻ മൂന്ന് സംഘങ്ങളെയും സർക്കാർ വച്ചു. അപ്പോഴാണ് ആ വലിയ സംശയം. തൃശൂർ പൂരം ശരിക്കും കലങ്ങിയോ? വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും, അതെങ്ങനെ പൂരം കലക്കലാവുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ
ദിവസം ചോദിച്ചത്. പൂരം കലക്കലാണ് തൃശൂർ പാർലമെന്റ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥി തോൽക്കാൻ കാരണമെന്ന് ഉറച്ചു വിശ്വസിക്കുന്ന സി.പിഐയ്ക്ക് അത് വെള്ളം തൊടാതെ വിഴുങ്ങാനാവുമോ? തൃശൂർ പൂരം നേരായ രീതിയിലല്ല നടന്നതെന്നും, ചിലരുടെ ഗൂഢാലോചന അതിന് പിന്നിലുണ്ടെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെയും, തോറ്റ സ്ഥാനാർത്ഥി സുനിൽ കുമാറിന്റെയും മറുപടി. ഒരു മുന്നണിയിലാണെന്ന് വച്ച് സ്വന്തം അഭിപ്രായം പറയാൻ അവർക്കുമില്ലേ അവകാശം. ഇനി, എ.ഡി.ജിപിയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് പൊടി തട്ടിയെടുക്കാമെന്ന്
വച്ചാൽ അതിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെയും പരാമർശം! വാദി പ്രതിയാകും. അപ്പോൾ പൂരം കലങ്ങിയിട്ടില്ലെന്ന് തത്കാലം സമാധാനിക്കുകയല്ലേ ഭേദം!...
നുറുങ്ങ്:
പി.വി.അൻവറിന് പിന്നാലെ സി.പി.എമ്മുമായി കൊരുക്കാൻ മുൻ ഇടതു സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാക്കും.
@ ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കും.
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |