ന്യൂഡൽഹി : മറാത്ത മണ്ണിൽ മഹായുതി, മഹാവികാസ് അഘാഡി മുന്നണികൾ തമ്മിൽ ജീവന്മരണ പോരാട്ടം. ഹരിയാനയിലെ തിരിച്ചടിയിൽ നിന്ന് മുക്തമാകാത്ത കോൺഗ്രസ്, അതീവ ജാഗ്രതയോടെയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഭരണതുടർച്ച കിട്ടുമെന്നാണ് ബി.ജെ.പി പ്രചാരണം. നവംബർ 20നാണ് 288 സീറ്റിലെയും വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.
കോൺഗ്രസിന് വിജയം അനിവാര്യം
വിജയത്തിൽ കുറഞ്ഞൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി 48ൽ 30 സീറ്റിൽ വിജയിച്ചിരുന്നു. ബി.ജെ.പി, ശിവസേന ഏക്‌നാഥ് ഷിൻഡെ, എൻ.സി.പി അജിത് പവാർ എന്നിവയുടെ മഹായുതിക്ക് 17 സീറ്റാണ് കിട്ടിയത്.
ഉടക്കി എസ്.പി
85 വീതം സീറ്രിൽ കോൺഗ്രസും, ശിവസേന ഉദ്ധവ് താക്കറെ, എൻ.സി.പി ശരദ് വിഭാഗങ്ങളും ധാരണയായിട്ടുണ്ട്. ബാക്കി 23 സീറ്രിൽ ചർച്ച തുടരുന്നു. മഹാവികാസ് അഘാഡിയിൽ ചേരാൻ 'ഇന്ത്യ' മുന്നണിയിലെ സമാജ്‌വാദി പാർട്ടിക്ക് താത്പര്യക്കുറവില്ലെങ്കിലും സീറ്രുവിഭജനത്തിൽ ഉടക്കിനിൽക്കുകയാണ്. രാഷ്ട്രീയത്തിൽ ത്യാഗത്തിന് സ്ഥാനമില്ലെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത് ശ്രദ്ധേയമാണ്. മുന്നണിയിൽ എടുത്തില്ലെങ്കിൽ സ്വന്തം സ്ഥാനാർത്ഥികളെ നിറുത്താനാണ് എസ്.പി പദ്ധതി. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിറുത്തുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
ചർച്ചയായി ഹസ്‌തദാനം
എതിരാളികളായ ബി.ജെ.പിയിലെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും, ശിവസേന ഉദ്ധവ് നേതാവ് സഞ്ജയ് റൗട്ടും ഹസ്‌തദാനം ചെയ്യുന്ന ചിത്രം ചർച്ചയായി. 'ഫോട്ടോ ഒഫ് ദ ഇയർ" എന്നാണ് ഫട്നാവിസ് പ്രതികരിച്ചത്. അതേസമയം, അഞ്ചോളം ബി.ജെ.പി നേതാക്കൾ സീറ്റിനായി മഹായുതി സഖ്യത്തിലെ മറ്റുപാർട്ടികളിലേക്ക് കൂടുമാറി. നിലേഷ് റാണ ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്നു. നാലു വിമതർ എൻ.സി.പി അജിത് പവാറിനൊപ്പം പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |