നിർമ്മാണത്തുടക്കം 42 ആഴ്ചയ്ക്കണം
കൊല്ലം: സംസ്ഥാനത്തെ ആദ്യ മറൈൻ ഓഷ്യാനേറിയത്തിന്റെ നിർമ്മാണം 42 ആഴ്ചയ്ക്കകം കൊല്ലത്ത് ആരംഭിക്കും. തീരദേശ വികസന കോർപ്പറേഷൻ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത, ഡൽഹി ആസ്ഥാനമായ കമ്പനിയുമായി കൺസൾട്ടൻസി കരാർ വൈകാതെ ഒപ്പിടും.
രൂപരേഖയ്ക്ക് പുറമേ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ അടക്കം പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.
കരാർ ഒപ്പിടാനുള്ള ഫയൽ സർക്കാരിന് കൈമാറിയിരിക്കുകയാണ്. സർക്കാർ അനുമതി ലഭിക്കുന്നതിന് പിന്നാലെ ഒപ്പിടും. തുടർന്ന് ഒരുമാസത്തിനുള്ളിൽ പദ്ധതിക്ക് അനുയോജ്യമായ സ്ഥലം അടക്കം കണ്ടെത്തി പ്രാഥമിക രൂപരേഖ സമർപ്പിക്കണമെന്നാണ് നിബന്ധന. . മറൈൻ ഓഷ്യാനേറിയം രംഗത്ത് മുൻപരിചയമുള്ള വിദേശസംഘത്തെ എത്തിച്ചാകും സ്ഥലം നിർണയിക്കുക. സൗകര്യ ഭൂമിയാണ് പദ്ധതിക്ക് അനുയോജ്യമായി കണ്ടെത്തുന്നതെങ്കിൽ സ്ഥലം വാങ്ങൽ വേഗത്തിലാക്കാൻ കളക്ടർ ഉൾപ്പെട്ട പ്രത്യേക സമിതിയെ നിയോഗിക്കും.
രൂപരേഖ അന്തിമമാക്കി ടെണ്ടർ രേഖകൾ തയ്യാറാക്കുന്നതിനൊപ്പം സ്ഥലം വാങ്ങൽ വേഗത്തിലാക്കാനുള്ള നടപടികളിലും കൺസൾട്ടൻസിയുടെ ഇടപെടൽ ഉണ്ടാകും. ആഴക്കടൽ മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, ആൽഗകൾ എന്നിവയുടെ പ്രദർശന കേന്ദ്രത്തിനൊപ്പം ആഴക്കടലിലെ ആവാസ്ഥ വ്യവസ്ഥ സംബന്ധിച്ച ഗവേഷണ കേന്ദ്രം കൂടിയാണ് മറൈൻ ഓഷ്യാനേറിയത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് 15 ഏക്കർ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം 300 കോടിയാണ് ചെലവ് കണക്കാക്കുന്നത്. സർക്കാർ 10 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
മറൈൻ ഓഷ്യാനേറിയം
250 മീറ്റർ നീളമുള്ള ട്യൂബ് അക്വേറിയം
വിശാലമായ കൺവെഷൻ സെന്റർ
മറൈൻ ഫുഡ് പാർക്ക്
മറൈൻ ഫുഡ് കോർട്ട്
കുട്ടികളുടെ പാർക്ക്
സമുദ്ര ഗവേഷണ കേന്ദ്രം
ആഴക്കടൽ ജീവികളുടെ പ്രദർശനം
കൺസൾട്ടൻസിയുടെ ചുമതല
സ്ഥലം കണ്ടെത്തൽ
പാരസ്ഥിതിക പഠനം
സ്ഥലം വേഗത്തിൽ ലഭ്യമാക്കൽ
ലാഭകരമാക്കാനുള്ള ഘടകങ്ങൾ കണ്ടെത്തൽ
അന്തിമരൂപരേഖ
ടെണ്ടർ വേഗത്തിലാക്കൽ
കൺസൾട്ടൻസുമായി കരാർ ഒപ്പിടാൻ സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്. കരൊറിപ്പിട്ട് 42 ആഴ്ചയ്ക്കകം നിർമ്മാണം ആരംഭിക്കുകയാണ് ലക്ഷ്യം
തീരദേശ വികസന കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |