മുംബയ്: അടുത്തിടെയാണ് ടാറ്റ സാമ്രാജ്യത്തിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചത്. ഒരു വ്യവസായി എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം. അതിനാൽത്തന്നെ രത്തൻ ടാറ്റയുടെ വിയോഗം ഇന്ത്യയ്ക്ക് തീരാനഷ്ടമാണ്. ഇപ്പോഴിതാ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ രത്തൻ ടാറ്റയെക്കുറിച്ച് പറഞ്ഞ ഹൃദയസ്പർശിയായ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.
അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിക്കിടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. പരിപാടിയിൽ സിനിമാ നിർമാതാവായ ഫറാഹ് ഖാനും നടൻ ബൊമ്മൻ ഇറാനിയുമാണ് അതിഥികളായി എത്തിയത്. രത്തൻ ടാറ്റ സാധുവായ ഒരു മനുഷ്യനായിരുന്നുവെന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.
'ഒരിക്കൽ താനും രത്തൻ ടാറ്റയും ലണ്ടനിലേക്ക് പോകുന്നതിന് ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്തിരുന്നു. ഞങ്ങളൊരുമിച്ചാണ് ഹിത്രു എയർപോർട്ടിൽ ഇറങ്ങിയത്. അതിനിടയിൽ അദ്ദേഹത്തിന് സഹായികളെ കണ്ടെത്താൻ സാധിച്ചില്ല. അവരെ വിളിക്കുന്നതിന് രത്തൻ ബൂത്തിലേക്ക് പോയി. ആ സമയത്ത് ഞാൻ അവിടെ നിൽക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അദ്ദേഹം ബൂത്തിന് പുറത്തേക്ക് വന്നു. കുറച്ച് പണം തരാമോയെന്ന് എന്നോട് ചോദിച്ചു. ഇത് കേട്ട് ഞാൻ അതിശയിച്ചുപോയി.വിശ്വസിക്കാൻ സാധിച്ചില്ല. ഫോൺ ചെയ്യാൻ ചെയ്ഞ്ച് ഇല്ലെന്നും അദ്ദേഹം പറഞ്ഞു'- അമിതാഭ് ബച്ചൻ ചെറിയ ചിരിയോടെ പറഞ്ഞു.
മറ്റൊരു അനുഭവവും അദ്ദേഹം പങ്കുവച്ചു. തന്റെ സുഹൃത്തിനും രത്തൻ ടാറ്റയിൽ നിന്നും മറ്റൊരു അനുഭവം ഉണ്ടായെന്ന് അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു. 'രത്തൻ ടാറ്റയും തന്റെ സുഹൃത്തും ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടി അവസാനിച്ച് എന്റെ സുഹൃത്ത് വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയപ്പോൾ രത്തൻ ടാറ്റ അദ്ദേഹത്തോട് ലിഫ്റ്റ് ചോദിച്ചു. അദ്ദേഹത്തിന്റെ അടുത്ത് കാറില്ലെന്ന് പറഞ്ഞു'- അമിതാഭ് ബച്ചൻ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |