കൊച്ചി: ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുമെന്ന ആശങ്കയില്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ നിലവറയില്‍ സൂക്ഷിച്ചിരുന്ന 102 ടണ്‍ സ്വര്‍ണശേഖരം രഹസ്യ ദൗത്യത്തിലൂടെ റിസര്‍വ് ബാങ്ക് ഇന്ത്യയിലെത്തിച്ചു. 2022 സെപ്തംബറിനുശേഷം ഇതുവരെ 214 ടണ്‍ സ്വര്‍ണമാണ് തിരിച്ച് നാട്ടിലെത്തിച്ചത്. 1990കളുടെ തുടക്കത്തില്‍ ബാലന്‍സ് ഒഫ് പേയ്മെന്റ് പ്രതിസന്ധിമൂലം ഇന്ത്യ വിദേശത്ത് സ്വര്‍ണം പണയംവച്ച് പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരുന്നു. ഇത്തരം പ്രതിസന്ധി ഭാവിയില്‍ ഒഴിവാക്കാനാണ് വന്‍തോതില്‍ സ്വര്‍ണംവാങ്ങി ലണ്ടനില്‍ സൂക്ഷിച്ചത്. പുതിയ സാഹചര്യത്തില്‍ സ്വര്‍ണം നാട്ടില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് വിലയിരുത്തുന്നു. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ഏറെ കരുതലോടെ പൂര്‍ണ സുരക്ഷഒരുക്കി പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം കൊണ്ടുന്നത്. ദൗത്യം രഹസ്യമായി സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സ്വര്‍ണമെത്തിക്കുന്നതിലെ തടസങ്ങള്‍ ഒഴിവാക്കാന്‍ നികുതി ഇളവുകള്‍ നല്‍കി നടപടികള്‍ ലളിതമാക്കി.
ഇന്ത്യയുടെ സ്വര്‍ണ ശേഖരം
റിസര്‍വ് ബാങ്കിന്റെ മൊത്തം ശേഖരം 855 ടണ്‍
നാട്ടില്‍ സൂക്ഷിക്കുന്നത് 510.5 ടണ്‍
സുരക്ഷിതത്വത്തിന് പ്രധാന പരിഗണന
1. നയതന്ത്രങ്ങളും പ്രതിരോധ, സാമ്പത്തിക മുന്നേറ്റവും വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കരുത്ത് കൂട്ടുന്നു
2. പശ്ചിമേഷ്യയിലും റഷ്യയിലും രാഷ്ട്രീയ സംഘര്‍ഷം കൂടുമ്പോള്‍ വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ല
3. പ്രതികൂല സാഹചര്യങ്ങള്‍ നേരിടാന്‍ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു
ലോകത്തിന്റെ സ്വര്‍ണ നിലവറ
ലണ്ടനിലെ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെയും ബാങ്ക് ഒഫ് ഇന്റര്‍നാഷണലിന്റെയും നിലവറയില്‍ 324 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. ഇതില്‍ 20 ടണ്‍ നിക്ഷേപമെന്ന നിലയിലും ബാക്കി ഫിസിക്കല്‍ രൂപത്തിലുമാണ്. ബ്രിട്ടീഷ് സെന്‍ട്രല്‍ ബാങ്കിന്റെ ഭൂഗര്‍ഭ അറയിലെ അതീവ സുരക്ഷയുള്ള ഒന്‍പത് നിലവറകളില്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെയും വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെയും ഉടമസ്ഥതയിലുള്ള നാലുലക്ഷം ബാറുകള്‍ (5,350 ടണ്‍) സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |