ന്യൂഡൽഹി: രാജ്യത്തിന്റെ ഐക്യത്തിനായാണ് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഒരു മതേതര സിവിൽ കോഡ് എന്നിവ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേൽ ജൻമദിനത്തിൽ ഗുജറാത്തിലെ കേവഡിയയിലെ ഏകതാ പ്രതിമയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുകയായിരുന്നു അദ്ദേഹം. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം രണ്ടു വർഷം ആഘോഷിക്കുമെന്നും പ്രഖ്യാപിച്ചു.
ആധാറിലൂടെ ഒരു രാജ്യം, ഒറ്റ തിരിച്ചറിയൽ കാർഡും പല നികുതി രീതികൾ ഒന്നിപ്പിച്ച് ഒരു രാജ്യം ഒരു നികുതിയും ( ജി.എസ്.ടി ) നടപ്പാക്കി. ഒരു രാജ്യം ഒരു പവർ ഗ്രിഡ് വഴി ഊർജ്ജ മേഖല ശക്തമാക്കി. ഒരു രാജ്യം ഒരു റേഷൻ കാർഡ് വഴി പാവങ്ങൾക്കുള്ള സൗകര്യങ്ങൾ സംയോജിപ്പിച്ചു. ആയുഷ്മാൻ ഭാരത് എന്ന പേരിൽ ഒരു രാജ്യം ഒരു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും യാഥാർത്ഥ്യമാക്കി.
ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്തി വികസിത ഇന്ത്യ യാഥാർത്ഥ്യമാക്കും. രാജ്യത്തിന് ഒരു മതേതര സിവിൽ കോഡും ലക്ഷ്യമാണ്.
സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞാണ് രാജ്യമാകെ ഒറ്റ ഭരണഘടന യാഥാർത്ഥ്യമായത്. 370-ാം വകുപ്പ് റദ്ദാക്കിയതോടെ ജമ്മു കാശ്മീർ മുഖ്യമന്ത്രി ആദ്യമായി ഇന്ത്യൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തത് രാജ്യത്തിന്റെ ഐക്യത്തിൽ നാഴികക്കല്ലാണ്.
അടുത്ത 25 വർഷം പ്രധാനം
അടുത്ത 25 വർഷം ഐക്യത്തിന് പ്രധാനമാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിനും സാമൂഹിക സൗഹാർദ്ദത്തിനും സാമൂഹിക നീതിക്കും തൊഴിലിനും നിക്ഷേപത്തിനും അതാവശ്യമാണ്. പത്ത് വർഷത്തിനിടെ ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയെ ദ്രോഹിക്കുന്നവരെ വെറുതേ വിടില്ലെന്ന് ഭീകരരുടെ 'യജമാനന്മാർക്ക്' അറിയാം. വടക്കുകിഴക്കൻ മേഖലകളുടെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചു. രാജ്യങ്ങൾ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ താത്‌പര്യപ്പെടുന്നു. ഇന്ത്യയുടെ പുരോഗതിയിൽ അസ്വസ്ഥരായ ശക്തികൾ ഭിന്നത വിതയ്‌ക്കാൻ ശ്രമിക്കുന്നു. ഇവരെ തിരിച്ചറിഞ്ഞ് ദേശീയ ഐക്യം സംരക്ഷിക്കാൻ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |