ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു. ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. ആകാശ് ശർമ (40), ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ആകാശ് ശർമയുടെ മകൻ കൃഷ് ശർമയ്ക്ക് (10) പരിക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറഞ്ഞത്. ഷഹ്രാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു കുടുംബം. ഇതിനിടെ സ്കൂട്ടറിലെത്തിയ ആയുധധാരികളായ രണ്ടുപേർ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആകാശും ഋഷഭും മരിച്ചു.
വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. അക്രമികളെ തനിക്കറിയാമെന്നും ഭൂമിയെ ചോല്ലി വർഷങ്ങളായി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നുതായും ആകാശിന്റെ ഭാര്യ പറഞ്ഞു. സംഭവത്തിൽ കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആക്രമികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |