SignIn
Kerala Kaumudi Online
Thursday, 26 December 2024 5.34 PM IST

ഒന്നും കാണാതെ വിജയ് ഇറങ്ങില്ല, മുഖ്യമന്ത്രിയാകുമെന്ന് ദളപതി ഉറച്ച് വിശ്വസിക്കുന്നതിന് പിന്നിൽ

Increase Font Size Decrease Font Size Print Page
vijay

സിനിമയിലെ നായകൻ ജീവിതത്തിൽ വില്ലനായതിന്റെ നടുക്കത്തിലാണ് തമിഴ്‌നാട്ടിലെ യുവരാജാവ് ഉദയനിധി സ്റ്റാലിൻ. ഉപമുഖ്യമന്ത്രിയായി ഇരിപ്പുറയ്ക്കും മുമ്പേയാണ് സ്വന്തം പാർട്ടിയുമായി ഇളയ ദളപതി വിജയ് പോരാട്ടത്തിനിറങ്ങിയത്. ഒരു കുടുംബം തമിഴ്‌നാടിനെ കൊള്ളയടിക്കുന്നുവെന്ന് തുറന്നടിച്ചതിൽനിന്ന് ലക്ഷ്യം ആരെന്നു വ്യക്തം. പെരിയോർ, കാമരാജ്, അംബേദ്കർ തുടങ്ങിയവരാണ് വഴികാട്ടികളെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ തമിഴ്മക്കൾ ഇളകിമറിഞ്ഞു. ഇനിയൊരു എം.ജി.ആറോ, ജയലളിതയോ ഉണ്ടാവില്ലെന്നും തമിഴകം മാറിപ്പോയെന്നും ഭരണകക്ഷിയായ ഡി.എം.കെയിലെ തലമൂത്ത നേതാക്കൾ ഉപമുഖ്യനെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ലക്ഷണം അത്ര പന്തിയല്ലെന്നാണ് പാർട്ടിക്കാരുടെ അടക്കംപറച്ചിൽ.

പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ തമ്മിലടിച്ച് നിലംപരിശായതിനാൽ എതിരാളികളില്ലെന്ന് മുഖ്യമന്ത്രിയായ അച്ഛൻ സ്റ്റാലിനും കൊച്ചുസ്റ്റാലിനും ആശ്വസിച്ചിരുന്നപ്പോഴാണ് തമിഴ്‌സിനിമയിലെ ക്ലൈമാക്‌സ് പോലെ കാര്യങ്ങൾ മാറിമറിഞ്ഞത്. വിജയ് ആരാധകരുടെ ആവേശം വോട്ടായാൽ കഥമാറും. ആക്‌ഷനിലും ഡയലോഗിലും കണ്ണീരിലും അലിയുന്നവരാണ് തമിഴ് മക്കൾ. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പയ്യൻ എന്ന് ചിലർ ആക്ഷേപിക്കുന്നുണ്ടെങ്കിലും ഒന്നുംകാണാതെ വിജയ് അങ്കത്തിനിറങ്ങില്ലെന്ന് കരുതുന്നവരേറെയാണ്. തമിഴകത്ത് സ്വാധീനമുള്ള ചില കരുത്തന്മാരുടെ പിന്തുണയുണ്ടെന്നാണ് ശ്രുതി. രജനിയുൾപ്പെടെയുള്ള പ്രമുഖർ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ ഏറെയാണ്.

രാഷ്ട്രീയ ഗോദയിലേക്കു ചാടിയിറങ്ങി, അതിലും വേഗത്തിൽ ഓടിരക്ഷപ്പെട്ട കമൽഹാസന്റെ ഗതി എന്തായാലും വരില്ലെന്ന് വിജയുടെ എതിരാളികൾ പോലും പറയുന്നു. ബി.ജെ.പിയെ വിജയ് വിമർശിച്ചെങ്കിലും മൂർച്ച കുറവായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിനെതിരായ പടനീക്കത്തിൽ ഉത്തരേന്ത്യൻ പാർട്ടിയായ ബി.ജെ.പിയേക്കാൾ സാദ്ധ്യത ഇളയദളപതിയുടെ തമിഴക വെട്രി കഴകം എന്ന ടി.വി.കെയ്ക്ക് ആണെന്ന് വിശ്വസിക്കുന്നവരാണേറെയും. ഭരണപരിചയമില്ലാത്ത ഇളയദളപതിയെ സഹായിക്കാൻ സ്വന്തം പാളയത്തിൽനിന്ന് ചാടിപ്പോകുമോ എന്ന ആശങ്കയും ഡി.എം.കെയ്ക്കുണ്ട്. ഒരുമാറ്റം ആഗ്രഹിക്കാത്തതായി ആരുണ്ട്?. ഏതായാലും തമിഴക രാഷ്ട്രീയത്തിൽ മൂന്നു ചെറുപ്പക്കാർ നേർക്കുനേർ അണിനിരക്കുകയാണ്. ഡി.എം.കെയുടെ ഉദയനിധി, തമിഴ്‌നാട് വെട്രികഴകത്തിന്റെ വിജയ്, ബി.ജെ.പിയുടെ അണ്ണാമലൈ എന്നിവർ.


'ഡാായ്... നാൻ തിരുപ്പിയടിച്ചാൽ താങ്കമുടിയാത്' എന്ന് സിനിമാസ്റ്റൈലിൽ അണ്ണാമലൈയോട് ഗർജിച്ചതുപോലെ വിജയ്യെ വിരട്ടാൻ ഏതായാലും മുഖ്യമന്ത്രി സ്റ്റാലിൻ ധൈര്യപ്പെടില്ല. കറുപ്പും ചുവപ്പും ചേർന്നതാണ് ഡി.എം.കെ പതാകയെങ്കിൽ ചുവപ്പും മഞ്ഞയുമാണ് ടി.വി.കെ പതാകയുടെ കോമ്പിനേഷൻ. എല്ലാരീതിയിലും ഡി.എം.കെയ്ക്ക് ബദലാകാനാണ് നീക്കം. തമിഴക രാഷ്ട്രീയത്തിൽ സിനിമയ്ക്ക് വലിയ സ്വാധീനമുള്ളതിനാൽ വെറുമൊരു പയ്യനായി വിജയ്‌യെ എഴുതിത്തള്ളാനാവില്ല.

മുഖ്യമന്ത്രിയാകുമെന്ന് വിജയ് ഉറപ്പിച്ചതിനാൽ പ്രഖ്യാപനങ്ങൾക്കു പഞ്ഞമില്ല. കൈത്തറിവസ്ത്രങ്ങളും മൺപാത്രങ്ങളും നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ഇളകിമറിഞ്ഞു. ഘട്ടംഘട്ടമായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

ഒരാവേശത്തിൽ വിജയ് പറഞ്ഞതൊന്നും കാര്യമാക്കേണ്ടെന്നും തന്റെ അടുത്ത സുഹൃത്താണ് അദ്ദേഹമെന്നും ഉദയനിധി മറുപടി നൽകിയിട്ടുണ്ട്. ഈ എളിമകണ്ട് ഡി.എം.കെ നേതാക്കൾ കോരിത്തരിച്ചുപോയെന്നാണ് റിപ്പോർട്ട്.

ആരാകും ദ്രാവിഡ മന്നൻ

തമിഴകത്ത് സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അണ്ണാദുരൈയിൽ നിന്ന് തുടങ്ങിയ ഈ പാരമ്പര്യം കരുണാനിധി, എം.ജി.ആർ, ജയലളിത തുടങ്ങിയവരിലൂടെ ഉദയ്‌നിധിയിലും വിജയിലുമെത്തി. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈയ്ക്ക് മാത്രമാണ് സിനിമാബന്ധം ഇല്ലാത്തത്. ദ്രാവിഡ വികാരവും സിനിമയുടെ തിളക്കവും പ്രദേശിക രാഷ്ട്രീയത്തിന് കരുത്തേകി.
തമിഴ്‌നാടിന്റെ നവോത്ഥാന മുന്നേറ്റം വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തിലേക്കു മാറി. എം.ജി.ആറിന്റെ ഓരോ സിനിമയും അദ്ദേഹത്തിന് രാഷ്ട്രീയ ഭാവിക്ക് ഗുണകരമായി. പാവപ്പെട്ടവരുടെയും, കീഴ്ജാതിക്കാരുടെയും അവകാശങ്ങൾക്കായി പോരാടുന്ന നായകനായി എം.ജി.ആർ മാറിയപ്പോൾ കഥയിലും കവിതയിലും പ്രസംഗത്തിലും തീപടർത്തിയ കരുണാനിധി നിസഹായനായി.

തമിഴക രാഷ്ട്രീയ സമവാക്യങ്ങൾക്ക് ബദലായി രംഗത്തെത്തിയ ബി.ജെ.പിയോട് ആഭിമുഖ്യം പുലർത്തുന്ന വലിയൊരു വിഭാഗം തമിഴകത്തുണ്ട്. ബി.ജെ.പിക്കുള്ള സ്വീകാര്യത പോലും കോൺഗ്രസിനില്ല എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തിരിച്ചറിയുന്നില്ല. എക്കാലത്തും കോൺഗ്രസിന്റെ 'ബി ടീം" ആയിരുന്നു എ.ഐ.എ.ഡി.എം.കെ. പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസിന് കരുത്തായിരുന്നു. എന്നാൽ ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടിവന്നു. എൽ.ടി.ടി.ഇ തീവ്രവാദം വളർന്നുവരുന്ന ഘട്ടത്തിൽ പല കാര്യങ്ങളിലും കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിന് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. അതിന് രാജ്യം കൊടുക്കേണ്ടിവന്ന വില വളരെ വലുതാണ്. എൽ.ടി.ടി.ഇ നയങ്ങളോട് ആഭിമുഖ്യമുള്ളവർ ഇന്നും തമിഴകത്തുണ്ട്. പ്രാദേശിക രാഷ്ട്രീയത്തിന് ആധിപത്യമുള്ളിടത്തോളം ഇതു തുടരും. ഇളയദളപതിയുടെ വരവ് വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയോ കോൺഗ്രസോ കരുതുന്നില്ല. പ്രാദേശിക കക്ഷികൾ ശക്തി പരീക്ഷിക്കുമ്പോൾ കാത്തിരുന്നു കാണാമെന്ന നിലപാടിലാണവർ.

TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILNADU, VIJAY POLITICS, ACTOR VIJAY POLITICAL PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.