കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ആകെയുണ്ടായിരുന്ന ഒരു ന്യൂറോളജിസ്റ്ര് സ്ഥലംമാറി പോയതോടെ പ്രതിസന്ധിയിലായി രോഗികൾ. പ്രതിദിനം ആയിരക്കണക്കിന് രോഗികളെത്തുന്ന ജില്ലാ ആശുപത്രിയിലാണ് ന്യൂറോളജിസ്റ്റ് ഇല്ലാതായിരിക്കുന്നത്. വർക്ക് അറേഞ്ചുമെന്റിലെത്തിയ ന്യൂറോജിസ്റ്റായിരുന്നു ഇതുവരെ ഒ.പി കൈകാര്യം ചെയ്തിരുന്നത്. എന്നാൽ നിലവിലെ ഡോക്ടർ മഞ്ചേരി മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റായി പോയതോടെയാണ് ബീച്ചിലെ രോഗികൾ പെരുവഴിയിലായത്. ഇന്നലെ മുതൽ ന്യൂറോളജി വിഭാഗത്തിൽ ഡോക്ടറില്ലാത്ത സ്ഥിതിയാണ്. ഇതോടെ സ്ട്രോക്ക് യൂണിറ്റും പ്രതിസന്ധിയിലായി. ജനറൽ മെഡിസിൻ ഡോക്ടർക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും പ്രാഥമിക പരിശോധന മാത്രമാണ് നടക്കുന്നത്. നിയമനം നീളുകയാണെങ്കിൽ യൂണിറ്റ് അടച്ചു പൂട്ടേണ്ടി വരും. മെഡിസിൻ ഐ.സിയുവിന്റെ ഒരു ഭാഗമാണ് സ്ട്രാക്ക് യൂണിറ്റാക്കിയത്. എട്ട് ബെഡുകളാണ് ഇവിടെയുള്ളത്.
ന്യൂറോ ഒ.പി ആഴ്ചയിൽ
രണ്ട് ദിവസം
ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരുന്നു ന്യൂറോ ഒ.പി പ്രവർത്തിച്ചിരുന്നത്. ഡോക്ടറില്ലാത്തതിനാൽ പരമാവധി 60 രോഗികളെയാണ് പരിശോധിച്ചിരുന്നത്. ദിവസം നൂറോളം പേർ എത്താറുണ്ടെങ്കിലും പകുതി പേരും ഒ.പി ടിക്കറ്റ് കിട്ടാത്തതിനാൽ തിരിച്ചു പോകേണ്ട സ്ഥിതിയായിരുന്നു. വർഷങ്ങളായി ഇവിടെ ന്യൂറോജിസ്റ്റിന്റെ സ്ഥിരം തസ്തികയില്ല. അതിനാൽ സ്ഥിര നിയമനവും നീണ്ടു.
ചികിത്സിക്കാൻ സ്ഥിരം ന്യൂറോളജിസ്റ്റില്ല
ഒ.പിയിൽ ദിവസം 80 രോഗികൾ
ഒരു മാസം 480 രോഗികൾ
സ്ട്രോക്ക് യൂണിറ്റിൽ ദിവസം 15 പേർക്ക് ചികിത്സ
കാത്ത് ലാബ് അടഞ്ഞിട്ട് 6 മാസം
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും നൽകിയ കമ്പനികൾക്ക് കൊടുക്കാനുള്ള രണ്ടരക്കോടിയോളം രൂപ കുടിശ്ശികയായതോടെ ആശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞിട്ട് ആറുമാസം കഴിഞ്ഞു. ആൻജിയോഗ്രാം പരിശോധനയ്ക്കും ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും നൂറിലധികം നിർധന രോഗികളാണ് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. കാരുണ്യ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പിയിൽ ശരാശരി 100 പേരെത്തും. ദിവസേന മൂന്നോ നാലോ ശസ്ത്രക്രിയകളും നടക്കും. നിലവിൽ കാത്ത് ലാബിലേക്ക് ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ വിവരങ്ങൾ എഴുതിവെച്ച് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് . ലാബ് പ്രവർത്തിക്കാതെ കിടന്നാൽ വിലപിടിപ്പുള്ള ഉപകരണങ്ങൾ കേടുവരുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |