ചെന്നൈ: മൗലികാവകാശമായ സ്വകാര്യതയിൽ പങ്കാളികൾക്കിടയിലുള്ള സ്വകാര്യതയും ഉൾപ്പെടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. ഈ അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിക്ക് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കാൾ രേഖകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. ആർ. സ്വാമിനാഥൻ വ്യക്തമാക്കി.
ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ പാടില്ല. സ്വകാര്യത അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ല. കാൾ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭർത്താവ് മോഷ്ടിച്ചതായി വ്യക്തമാകുന്നതിനാൽ 'ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ കടന്നുകയറ്റം' നടന്നിട്ടുണ്ടെന്നും നിരീക്ഷിച്ചു.
വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. അനാവശ്യമായി പങ്കാളിയുടെ കാര്യത്തിൽ ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത് തെളിയിക്കാനാണ് കാൾ ഹിസ്റ്ററി വിവരങ്ങൾ നൽകിയത്. താനറിയായെ ശേഖരിച്ച വിവരങ്ങൾ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |