നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട ചടങ്ങിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റു ചികിത്സയിലിരിക്കെ മരിച്ച കിനാനൂരിലെ രതീഷിനും മഞ്ഞളംകാട്ടെ ബിജുവിനും ജന്മനാട് വിട നൽകി. ചോയ്യങ്കോടും കൊല്ലമ്പാറയിലും പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാഭാഗത്ത് നിന്നും വൻജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഞായറാഴ്ച രാത്രി 9.45 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ച രതീഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോമോർട്ടത്തിന് ശേഷം രാത്രി ഒരു മണിയോടെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.45 ഓടെ ഭൗതിക ശരീരം ചോയ്യംകോട് ടൗണിൽ എത്തിച്ച് ഓട്ടോസ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടിലും ഒൻപതരയോടെ വീട്ടിലും പൊതുദർശനത്തിന് വച്ചു. ഇതിന് ശേഷം ചൂരിപ്പാറ വാതക പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഞായറാഴ്ച ഞായറാഴ്ച രാത്രി 10 മണിയോടെ മരിച് ബിജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം ഏഴോടെ കൊല്ലമ്പാറ ടൗണിലും എട്ടോടെ മഞ്ഞളകാട്ടെ വീട്ടിലും പൊതുദർശനത്തിന് വച്ചു. തുടർന്ന് ചൂരിപ്പാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ചോയ്യംകോട്, കയ്യൂർ എന്നിവിടങ്ങളിൽ ബാർബർ തൊഴിലാളിയായും നീലേശ്വരത്ത് ചുമട്ടുതൊഴിലാളിയുമായി ജോലി ചെയ്ത രതീഷിനെയും ബസ് കണ്ടക്ടറും ഓട്ടോതൊഴിലാളിയുമായി ജോലി നോക്കിയിരുന്ന ബിജുവിനെയും കണ്ണീർ പ്രമാണം നൽകിയാണ് നാട് യാത്രയാക്കിയത്. മൃതദേഹങ്ങൾ എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ നൂറു കണക്കിനാളുകളാണ് പൊതുദർശന സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.
പൊതുദർശനത്തിനു വെച്ച ഭൗതീകശരീരങ്ങളിൽ ജില്ല കളക്ടർ കെ ഇമ്പശേഖറിനു വേണ്ടി തഹസിൽദാർ പി.വി.മുരളി പുഷ്പ ചക്രമർപ്പിച്ചു. മുതിർന്ന സി.പി.എം നേതാവ് പി.കരുണാകരൻ, ജില്ല സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ, ഏരിയ സെക്രട്ടറി എം. രാജൻ, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി സാബു അബ്രഹാം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത,വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സി.പി .എം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പി.രവീന്ദ്രൻ, പറക്കോൽ രാജൻ, കെ.ലക്ഷ്മണൻ, എം.വി.രതീഷ്, കെ.എം.വിനോദ്, ഷൈജമ്മ ബെന്നി, കിനാനൂർ എൽ.സി സെക്രട്ടറി കെ.കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, സി .പി.ഐ ജില്ല സെക്രട്ടറി സി പി.ബാബു,പി. വിജയകുമാർ, കോൺഗ്രസ് എസ് നേതാവ് കൂലേരി രാഘവൻ, ഡി.സി.സി എക്സികുട്ടിവ് അംഗം സി.വി വാമനൻ, ഉമേശൻ ബേളൂർ എന്നിവർ പൊതുദർശന സ്ഥലത്തും വീട്ടിലുമെത്തി അന്തിമോപചാരമർപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |