പത്തനംതിട്ട : അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് മൂന്നുദിവസം മാത്രം ശേഷിക്കെ പത്തനംതിട്ട നഗരവീഥികളിൽ വർണവിളക്കുകൾ തെളിഞ്ഞു. നഗര ഹൃദയം ഉത്സവാവേശത്തിലായി. ചലച്ചിത്രപ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് മേളയ്ക്ക് ലഭിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേർ ഇതിനോടകം ഡെലിഗേറ്റ് രജിസ്ട്രേഷൻ പൂർത്തിയാക്കി. ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ കൂടുതൽ പേർ എത്തുന്നുണ്ട്. ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള പുസ്തകമേളയും ടൗൺഹാളിൽ പുരോഗമിക്കുന്നു.
മേളയുടെ ഭാഗമായി നാല് സെമിനാറുകൾ നടന്നു. ഇനി 3 ഓപ്പൺ ഫോറങ്ങൾ നടക്കും. 7ന് നടക്കുന്ന വിളംബര ഘോഷയാത്രയോടെ നഗരം വെള്ളിത്തിരയുടെ ജീവ താളത്തിലേക്ക് കടക്കും. 8ന് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആനന്ദ് ഏകർഷിയുടെ ചിത്രം ആട്ടം പ്രദർശിപ്പിക്കും. ആദ്യ ചലച്ചിത്രോത്സവം എന്ന നിലയിൽ പരമാവധി പേരെ ഉൾക്കൊള്ളുക എന്നതാണ് സംഘാടകസമിതിയുടെ ലക്ഷ്യം എന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പറഞ്ഞു.
രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ് ബുക്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ptafilmfest@gmail.com എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പരുകളിലും ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |