ഇസ്ലാമാബാദ്: ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ളത് പാക്കിസ്ഥാനിലെ ലാഹോറിലെന്ന് റിപ്പോർട്ട്. ലഹോറിൽ ഞായറാഴ്ച വായുഗുണനിലവാര സൂചിക (എക്യുഐ) 1,900 ആയി ഉയർന്നു. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാൾ 6 മടങ്ങ് കൂടുതലാണിത്. അടിയന്തര നടപടിയുടെ ഭാഗമായി സ്‌കൂളുകൾക്കു സർക്കാർ അവധി നൽകി. വർക് ഫ്രം ഹോം രീതി സ്വീകരിക്കാൻ കമ്പനികളോടു നിർദ്ദേശിച്ചു. അതേസമയം, അയൽരാജ്യമായ ഇന്ത്യയിൽനിന്നുള്ള കാറ്റാണു ലഹോറിലെ വായുമലിനീകരണത്തിനു കാരണമെന്നാണു പാക്കിസ്ഥാന്റെ ആരോപണം. വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു പാക്ക് ഭരണകൂടം കത്തയച്ചു.
ജനം വീട്ടിൽത്തന്നെ കഴിയുക, വാതിലുകളും ജനലുകളും അടച്ചിടുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ആശുപത്രികളിൽ സ്മോഗ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പഞ്ചാബിലെ മുതിർന്ന മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. മലിനീകരണം കുറയ്ക്കുന്നതിന് ഓട്ടോറിക്ഷകൾ നിരോധിച്ചു. ചില പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെപ്പോലെ, പാക്കിസ്ഥാനിലും ശൈത്യകാലത്തു മലിനീകരണം കൂടാറുണ്ട്. മലിനീകരണപ്രശ്നം ലഹോർ നിവാസികളുടെ ശരാശരി ആയുർദൈർഘ്യം 7.5 വർഷം കുറയ്ക്കുമെന്നു ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടു. അതേസമയം,ഡൽഹിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് വായുഗുണനിലവാര സൂചിക 276 ആയി. 151-200 വരെയുള്ള എ.ക്യു.ഐ അനാരോഗ്യകരമായാണു കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |