തൃശൂർ: കേരള സാഹിത്യ അക്കാഡമിയുടെ അവാർഡ് തുക നൽകാൻ പണമില്ലാതെ വലയുന്ന സംസ്‌കാരിക വകുപ്പ് അഞ്ചു ലക്ഷം രൂപയുടെ എഴുത്തച്ഛൻ പുരസ്‌കാരം എങ്ങനെ നൽകുമെന്നതിൽ ആശങ്ക. എൻ.എസ്. മാധവനാണ് സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരം.
ഒക്ടോബർ 14ന് സാഹിത്യ അക്കാഡമി വിതരണം ചെയ്ത വിവിധ അവാർഡുകളുടെ തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നാണ് അറിയിച്ചിരുന്നത്. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാത്തതിനെ തുടർന്നാണ് വൈകുന്നത്. സാംസ്‌കാരിക വകുപ്പിലെയും സാഹിത്യ അക്കാഡമിയിലെയും കെടുകാര്യസ്ഥതയാണ് പ്രതിസന്ധിയുടെ മുഖ്യ കാരണമെന്നാണ് സാംസ്‌കാരിക രംഗത്തുള്ളവരുടെ ആക്ഷേപം. സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം, സമഗ്ര സംഭാവന, കവിത, നോവൽ, ചെറുകഥ, നാടകം തുടങ്ങി വിവിധ മേഖലകളിലെ അവാർഡ് തുകയും എഴുത്തച്ഛൻ പുരസ്‌കാര തുകയും നൽകാൻ 10.5 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് കണ്ടെത്തണം. എഴുത്തച്ഛൻ പുരസ്കാരത്തിന്റെ തുക നൽകുന്നത് സാംസ്കാരിക വകുപ്പ് നേരിട്ടാണ്. താമസിയാതെ അവാർഡ് തുക നൽകുമെന്നാണ് സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ പറയുന്നത്.
കാലതാമസത്തിന് കെടുകാര്യസ്ഥത കൂട്ട്
വർഷത്തിൽ അഞ്ചു ഗഡുക്കളായി സർക്കാർ നൽകുന്ന 3.2 കോടി പ്ലാൻ ഫണ്ടിൽ ഒരു ഗഡു മാത്രമേ (64 ലക്ഷം) കിട്ടിയുള്ളൂ. ഇതിൽ നിന്നാണ് സാഹിത്യ അക്കാഡമി സമ്മാനത്തുക നൽകുക. 1.27 കോടി നോൺ പ്ലാൻ ഫണ്ട് കിട്ടാനുള്ളതിൽ 53.51 ലക്ഷമേ കിട്ടിയുള്ളൂ. അമ്പതോളം ജീവനക്കാർക്ക് ശമ്പളം ഉൾപ്പെടെയുള്ള ചെലവ് നിർവഹിക്കുന്നത് ഇതിൽ നിന്നാണ്. സാഹിത്യ അക്കാഡമിയുടെ മലയാള സാഹിത്യ ചരിത്രമെന്ന ഗ്രന്ഥത്തിൽ തെറ്റുള്ളതിനാൽ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ഈയിനത്തിൽ 40 ലക്ഷത്തോളം നഷ്ടമുണ്ടായി. ഈ തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കിയില്ല. കാൽ ലക്ഷം ചെലവാക്കിയിട്ടും കഴിഞ്ഞ ഭരണസമിതി മലയാളത്തിലെ പുസ്തകങ്ങളെപ്പറ്റിയുള്ള 'ഗ്രന്ഥസൂചി' (കാറ്റലോഗ് ) പുസ്തകമാക്കി പ്രസിദ്ധീകരിച്ചില്ലെന്നും സാഹിത്യ അക്കാഡമി റിട്ട. പബ്‌ളിക്കേഷൻ ഓഫീസർ സി.കെ. ആനന്ദൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |