തൃശൂർ: പൊതുവിഷയങ്ങൾക്കൊപ്പം വികസ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ചേലക്കരയിലെ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. 1996 മുതൽ മണ്ഡലം കൈയ്യാളുന്ന എൽ.ഡി.എഫ്, വികസനത്തിലൂന്നിയാണ് പ്രചാരണം നടത്തുന്നത്. എന്നാൽ കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.
1996 മുതൽ ചേലക്കര വിദ്യാഭ്യാസരംഗത്ത് മുന്നേറുകയാണെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഉന്നത നിലവാരമുള്ള പോളിടെക്‌നിക്, ഐ.എച്ച്.ആർ.ഡി കോളേജ്, ആർട്‌സ് കോളേജ്, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവ മണ്ഡലത്തിലുണ്ട്. സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കി. കുടിവെള്ളപ്രശ്‌നം പരിഹരിച്ചെന്നും എൽ.ഡി.എഫ് പറയുന്നു. നിർമ്മാണം പുരോഗമിക്കുന്ന കുത്താമ്പുള്ളി മായന്നൂർ പാലമുൾപ്പെടെയുള്ളവയിലൂടെ യാത്രാസൗകര്യം മെച്ചപ്പെടുത്തി. ഭാരതപ്പുഴയ്ക്ക് കുറുകെ ഓങ്ങല്ലൂർ കൊടപാറ പാലം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണ്. കാർഷികമേഖലയ്‌ക്കായി നിർമ്മിച്ച ചെക്ക് ഡാമും ജനങ്ങളോടുള്ള തങ്ങളെ ഉത്തരവാദിത്വമാണെന്നും എൽ.ഡി.എഫ് പറയുന്നു.
എന്നാൽ മണ്ഡലത്തിലെ സാധാരണക്കാർ ദുരിതത്തിലാണെന്നാണ് യു.ഡി.എഫും എൻ.ഡി.എയും പറയുന്നത്. ആരോഗ്യരംഗത്തെ പരാധീനതകളാണ് പ്രധാനം. കഴിഞ്ഞദിവസം പ്രചാരണത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായ മന്ത്രി വീണജോർജിനെ 40 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലാണ് കൊണ്ടുപോയത്.
ചേലക്കര സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കിയെങ്കിലും അതനുസരിച്ചുള്ള സൗകര്യങ്ങളില്ല. സമീപത്തെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരില്ല. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവും ഏറെ. ചെറുതുരുത്തി, പൊന്നാനി റോഡ്, തൊഴുപ്പാടം ഒറ്റപ്പാലം റോഡ് തുടങ്ങിയവെയല്ലം തകർന്നു. ഇവിടെയെല്ലാം ആക്ഷൻ കൗൺസിൽ സമരത്തിലാണ്.
ഓടാത്ത റൈസ് പാർക്ക്
തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് പരയ്ക്കാട് റൈസ് പാർക്ക്. 1996-97ലെ പട്ടികജാതി വികസന ഫണ്ടിലെ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പരയ്ക്കാട് റൈസ് പാർക്ക് പ്രവർത്തന രഹിതമാണ്. മില്ല് 3.5 കോടി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്തിരുന്നു. ആശിർവാദ് സൊസൈറ്റി രൂപീകരണത്തിലെ രാഷ്ട്രീയവും വിനയായി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിച്ച ബസുമതി നെല്ല് സംസ്‌കരിക്കാനായി മുമ്പ് ഇവിടെയെത്തിച്ചിരുന്നു. എന്നാൽ പ്ലാന്റ് ബസുമതി നെല്ലിന്റെ സംസ്‌കരണത്തിന് അനുയോജ്യമല്ലെന്ന് പിന്നീടാണ് മനസിലായത്.
എല്ലാ മേഖലയിലും വികസനമെത്തിക്കാൻ സാധിക്കുന്നുണ്ട്. കെ. രാധാകൃഷ്ണനും യു.ആർ. പ്രദീപും ജനങ്ങളുടെ അടിസ്ഥാന വികസനത്തിനാണ് പ്രധാന്യം നൽകിയത്.
- കെ.കെ. മുരളീധരൻ, സി.പി.എം ഏരിയ സെക്രട്ടറി
പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് ഒറ്റനോട്ടത്തിൽ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ തിരിച്ചറിയാം. കൊണ്ടുവന്നുവെന്ന് പറയുന്ന പദ്ധതികളിൽ മാറിമാറി വരുന്ന സർക്കാരുകൾക്ക് പങ്കുണ്ട്.
- ഇ. വേണുഗോപാല മേനോൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
ചേലക്കരയെ പിറകോട്ടടിക്കുന്ന സമീപനമാണ് ഇരുമുന്നണികൾക്കുമുള്ളത്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കുകയാണ്.
- പി.കെ. മണി, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |