തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായ ചെറുകിട സാറ്റലൈറ്റ് നിർമ്മാണ കമ്പനിയായ ഹെക്സ്20 ആദ്യ സാറ്റലൈറ്റ് വിക്ഷേപണത്തിനായി യു.എസ് ലോഞ്ച് പ്രൊവൈഡറായ സ്‌പേസ് എക്സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷനുമായി (സ്‌പേസ്എക്സ്) സഹകരിക്കും. സ്‌പേസ് എക്സുമായി സഹകരിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പാവും ഹെക്സ്20.
'നിള' എന്നാണ് സാറ്റലൈറ്റിന്റെ പേര് ടെക്‌നോപാർക്കിലെ 'നിള' കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ്.
2025 ഫെബ്രുവരിയിൽ ട്രാൻസ്‌പോർട്ടർ13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ദൗത്യത്തിലൂടെ ഹെക്സ്20 ഹോസ്റ്റഡ് പേലോഡ് സൊല്യൂഷനുകളുടെ തുടക്കം കുറിക്കും.
തിരുവനന്തപുരത്തെ മേനംകുളം മരിയൻ കോളേജ് ഓഫ് എൻജിനീയറിംഗിൽ സാറ്റലൈറ്റ് കമാൻഡ് ആൻഡ് കൺട്രോളിനായി ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിക്കും. ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതിന് കോളേജിലെ ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും ടീമിനെ പരിശീലിപ്പിക്കുന്നുണ്ട്.
ബഹിരാകാശ ദൗത്യ സാങ്കേതിക നിർമ്മാണ രംഗത്തെ ജാപ്പനീസ് കമ്പനിയായ ഐ സ്‌പേസ് ഐഎൻസിയുമായി കഴിഞ്ഞ വർഷം ഹെക്സ്20 സഹകരണത്തിൽ ഏർപ്പെട്ടു. ഉപഗ്രഹ വിക്ഷേപണത്തിൽ സംയോജിത സാങ്കേതിക വൈദഗ്ദ്ധ്യവും പ്രാദേശിക ശൃംഖലയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. തായ് വാനിലെ നാഷണൽ സെൻട്രൽ യൂണിവേഴ്സിറ്റി, യു.എസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോർ അറ്റ്‌മോസ്‌ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |