മന്നാർഗുഡി: യു.എസിൽ പ്രസിഡന്റിനായുള്ള വിധിയെഴുത്ത് ആരംഭിച്ചപ്പോൾ തമിഴ്നാട്ടിലെ തുളസീന്ദ്രപുരം ഗ്രാമവും ഇവിടത്തെ ധർമ്മ ശാസ്താ ക്ഷേത്രവും ലോകം ലൈവായി കണ്ടു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു മുമ്പേ റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വിദേശ ന്യൂസ് ചാനലുകളുടെ പ്രതിനിധികൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലിന്റെ കുടുംബക്ഷേത്രത്തിൽ എത്തി. പൂർണ, പുഷ്കല സമേതനായ ധർമ്മശാസ്താവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇവിടെ ഇന്നലെ കമലയ്ക്കായി പ്രത്യേക പൂജകളും നടന്നു. പുതുച്ചേരിയിൽ നിന്നെത്തിയ യു.എസ് സ്വദേശികൾ കമലാ ഹാരീസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ഇവിടെ എത്തി പൂജകൾ കഴിപ്പിച്ചതും കൗതുകമായി. 2014 മേയ് 5ന് കുംഭാഭിഷേകം നടന്നപ്പോൾ കമലയുടെ പേരിലും നേർച്ചയുണ്ടായിരുന്നു. അന്ന് സംഭാവന നൽകിയവരുടെ കൂട്ടത്തിൽ കമലയുടെ പേര് ക്ഷേത്ര ചുവരിലെ ശിലയിൽ കൊത്തിവച്ചിരിക്കുന്നത് വിദേശ മാദ്ധ്യമങ്ങൾ പകർത്തി. ആകെമൊത്തം ഗ്രാമത്തിൽ ഉത്സവാന്തരീക്ഷം. ഇന്ന് രാവിലെ കൂടുതൽ മാദ്ധ്യമ പ്രവർത്തകർ ഇവിടേക്ക് എത്തും.
കമലയ്ക്ക് വിജയാശംസ നേർന്ന് ക്ഷേത്രത്തിനുമുന്നിൽ കൂടുതൽ ഫ്ലക്സ് ബോർഡുകൾ ഇന്നലെ ഉയർന്നു. വീടുകൾക്കു മുന്നിൽ കോലത്തിനൊപ്പം കമലയ്ക്ക് വിജയാശംസ നേരുന്ന എഴുത്തുകളും പ്രത്യക്ഷപ്പെട്ടു.
പ്രദേശത്തെ കൗൺസിലർ സുധാകർ ജയരാമനാണ് ക്ഷേത്രത്തിനു മുന്നിൽ കമലയ്ക്ക് വിജയാശംസ നേർന്ന് ആദ്യം ബോർഡ് സ്ഥാപിച്ചത്. കമലാ ഹാരീസ് യു.എസ് പ്രസിഡന്റാകാനുള്ള തുളസീന്ദ്രപുരത്തുകാരുടെ പ്രാർത്ഥനയെകുറിച്ച് നേരത്തെ കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |