SignIn
Kerala Kaumudi Online
Friday, 27 December 2024 2.45 AM IST

ഇന്ന് ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികം, കേരളത്തിന് വികസന മാതൃക കാട്ടിയ പ്രതിഭ

Increase Font Size Decrease Font Size Print Page
r-shankar

ശ്രീനാരായണ ഗുരുവിന്റെ ദർശനം ഹൃദയത്തിലേറ്റി ഗുരുവിന്റെ മാനവ വികസന മാർഗങ്ങൾ കർമ്മരംഗത്ത് അവതരിപ്പിച്ച് വിജയിച്ച മഹാനായിരുന്നു ആർ.ശങ്കർ. ആധുനിക കേരളത്തിന്റെ ഗതിവിഗതികളെ രൂപപ്പെടുത്തുകയും സാമൂഹിക വ്യവസ്ഥിതിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് മാന്യമായ ഇടം നേടിയെടുക്കാൻ യത്നിക്കുകയും ചെയ്ത പ്രതിഭാധനനായ രാഷ്ട്രീയ നേതാവും കഴിവുറ്റ സംഘാടകനുമായിരുന്നു അദ്ദേഹം. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച സമുന്നത വ്യക്തിത്വം. എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ട്രസ്റ്റിന്റെയും അഭൂതപൂർവമായ വളർച്ചയ്ക്ക് അനുപമമായ സംഭാവനകൾ നൽകിയ കർമ്മയോഗി. അതിധന്യമായ ആ ജീവിതകാണ്ഡത്തിന് തിരശീല വീണതിന്റെ (1972 നവംബർ ഏഴ്) ഓർമ്മദിനമാണ് ഇന്ന്.

കേരളീയർക്കൊരു നല്ല പാഠമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കർ, നല്ലൊരു വികസന മാതൃക നമുക്കു നൽകിയ മഹദ് വ്യക്തിത്വമായിരുന്നു. അദ്ധ്യാപകൻ, സാമൂഹിക പരിഷ്‌കർത്താവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ് എന്നീ നിലകളിലൊക്കെയുള്ള ശങ്കറിന്റെ അതുല്യ സംഭാവനകളെ ആധുനിക കേരളം തിരിച്ചറിയണം. മികവാർന്നതും സമൂഹത്തിന് പ്രയോജനം നൽകുന്നതുമായ അനേകം കർമ്മമേഖലകളിലൂടെയാണ് ശങ്കർ കടന്നുപോയത്. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ചുരുങ്ങിയ കാലയളവിൽ ഓരോ ദിവസവും 24 മണിക്കൂറും കേരളത്തിന്റെ വികസനത്തെക്കുറിച്ചു മാത്രമായിരുന്നു ആ മനസിലെ ചിന്തകളും പ്രവൃത്തിയും. ദീർഘദൃഷ്ടി, കൃത്യനിഷ്ഠ, അദ്ധ്വാനം, ശരിയായ ആസൂത്രണം ഇതൊക്കെയായിരുന്നു ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയരഹസ്യം.

ഭരണരംഗത്തെ ചുവപ്പുനാട, മെല്ലെപ്പോക്ക് തുടങ്ങിയവ മൂലമുണ്ടാകുന്ന കുരുക്കുകൾ തന്റെ ഭരണകൂടത്തെ ബാധിക്കാൻ ശങ്കർ അനുവദിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥ മേധാവിത്വം ശങ്കർ അനുവദിച്ചില്ല. ഉയർന്ന ഉദ്യോഗസ്ഥരുടെ ഭരണസ്വാതന്ത്ര്യം സാമൂഹ്യനന്മയ്ക്ക് വിധേമായി അംഗീകരിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. നവോത്ഥാന കേരളത്തിന് ശ്രീനാരായണ സമൂഹം സംഭാവന ചെയ്ത ആദ്യമുഖ്യമന്ത്രിയാണ് ശങ്കർ.1962 സെപ്തംബർ 26-ന് മുഖ്യമന്ത്രിയായ അദ്ദേഹത്തെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും സവർണ, മതലോബികൾ നടത്തിയ ഗൂഢാലോചനയിലൂടെ താഴെയിറക്കിയ നടപടി കേരള ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. 1964 സെപ്തംബർ 10 വരെ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിച്ചുള്ളൂ.

ഉദ്യോഗ സംവരണത്തിലും വിദ്യാഭ്യാസ നയത്തിലും അസംതൃപ്തനായിരുന്ന മന്നത്ത് പത്മനാഭൻ, ഈഴവർക്ക് കൂടുതൽ സ്‌കൂളുകളും കോളേജുകളും അനുവദിച്ചു നൽകുന്നുവെന്ന പരാതിയുയർത്തി. പട്ടം താണുപിള്ളയെ പഞ്ചാബ് ഗവർണറാക്കിയതും ശങ്കർ മുഖ്യമന്ത്രിയായതും മന്നം ഇഷ്ടപ്പെട്ടിരുന്നില്ല. ശങ്കർ രാജിവച്ചില്ലെങ്കിൽ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മന്നവും ചാക്കോ ഗ്രൂപ്പും ഭീഷണി മുഴക്കി. പ്രതിപക്ഷം ശങ്കർ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ആർ. ബാലകൃഷ്ണപിള്ള, കെ. നാരായണകുറുപ്പ്, എൻ. ഭാസ്‌കരൻ നായർ, കെ.ആർ.സരസ്വതിഅമ്മ തുടങ്ങിയവർ ഒപ്പുവച്ച നോട്ടീസിന്മേൽ 1964 സെപ്തംബർ 7, 8 തീയതികളിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ശങ്കർ കൃത്യമായ മറുപടി നൽകി. വോട്ടിംഗിൽ അവിശ്വാസപ്രമേയം പാസായി. സഹജമായ തലയെടുപ്പോടെയും മന്ദഹാസത്തോടെയും നടത്തിയ അവസാന പ്രസംഗം വികാരനിർഭരമായിരുന്നെങ്കിലും ആ മനസ് അചഞ്ചലമായിരുന്നു, മുഖ്യമന്ത്രി സ്ഥാനം തനിക്കു വേണ്ടെന്ന മട്ടിൽ രാജിക്കത്തു നൽകി നിയമസഭയോട് യാത്ര പറഞ്ഞത് മറക്കാനാകില്ലെന്നാണ് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളടക്കം പറഞ്ഞത്.


സമുദായ

പ്രവർത്തനം


മുഖ്യമന്ത്രിപദം ഒഴിഞ്ഞതോടെ, രാഷ്ട്രീയത്തിലെ കുതികാൽവെട്ടുകളിലും അധാർമ്മികതയിലും മനസ് വേദനിച്ച ശങ്കർ പിന്നീടുള്ള അദ്ദേഹത്തിന്റെ കർമ്മപഥം സമുദായ പ്രവർത്തന മേഖലയിൽ വിനിയോഗിക്കാൻ തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായി. മുഖ്യമന്ത്രിയായിരിക്കെ തന്റെ സമുദായത്തിന് ആവശ്യമുള്ളത് ഒപ്പിട്ടെടുക്കാൻ അദ്ദേഹം കാട്ടിയ ധീരതയാണ് കേരളത്തിലങ്ങോളമിങ്ങോളം ശ്രീനാരായണ കോളേജുകളുടെ പിറവിക്ക് നാന്ദിയായത്. സാക്ഷരതയിലും സാമൂഹികമായും ഏറെ പിന്നിൽ നിന്ന ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി അദ്ദേഹം സ്ഥാനമേൽക്കുമ്പോൾ ഈഴവ സമുദായത്തിന് ഏതാനും മിഡിൽ സ്‌കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യനായ ശങ്കർ, ഗുരുവിന്റെ പേരിൽ കൊല്ലത്ത് ആദ്യ കോളേജ് സ്ഥാപിച്ചതിനു പിന്നാലെ എസ്.എൻ. വനിതാ കോളേജും സ്ഥാപിച്ചു. ഒന്നുമില്ലാതിരുന്ന സമുദായത്തിന് 12 കോളേജുകൾ ലഭിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. 'മറ്റു സമുദായക്കാർക്ക് അർഹമായത് നൽകിയതിനൊപ്പം എന്റെ സമുദായത്തിന് അർഹതപ്പെട്ടത് ഞാൻ ഒപ്പിട്ടെടുത്തു" എന്നായിരുന്നു വിമർശകർക്കുള്ള അദ്ദേഹത്തിന്റെ ധീരമായ മറുപടി.

രാഷ്ട്രീയ നേതാവ്,​

അഭിഭാഷകൻ


1909 ഏപ്രിൽ 30ാം തീയതി കൊല്ലം ജില്ലയിൽ കൊട്ടാരക്കര കുഴിക്കലിടവക താഴത്തുമുറി വിളയിൽ വീട്ടിൽ രാമന്റെയും കുഞ്ചാളിയുടെയും അഞ്ചാമത്തെ സന്താനമായി ആർ. ശങ്കർ ജനിച്ചു.1924- ൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശങ്കറിന് കുടുംബത്തിന്റെ മോശം സാമ്പത്തികസ്ഥിതി മൂലം ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം തടസപ്പെട്ടു. എങ്കിലും ബന്ധുവിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് ഇന്റർമീഡിയറ്റിനും തുടർന്ന് ഡിഗ്രിക്കും ചേർന്ന് പഠിച്ചു. ഉപരിപഠനത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സാമ്പത്തിക പരാധീനത മൂലം ഒരു ജോലി സമ്പാദിക്കാനായി ശ്രമം.19-ാം വയസിൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഹെഡ് മാസ്റ്ററായി നിയമിതനായ ശങ്കർ,​ പിന്നീട് എൽ.എൽ.ബി ബിരുദം നേടി. 1936-ൽ പ്രാക്ടീസ് ആരംഭിച്ചതിനൊപ്പം തിരുവിതാംകൂർ രാഷ്ട്രീയത്തിൽ സജീവമായി.

ഉത്തരവാദഭരണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് നിയമലംഘനം നടത്തിയ ശങ്കർ നിരവധി തവണ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടു. 1939- ൽ 30-ാം വയസിൽ കോൺഗ്രസിന്റെ ഖജാൻജിയായ അദ്ദേഹം 1941-ൽ ജനറൽ സെക്രട്ടറിയായി. എസ്.എൻ.ഡി.പി യോഗത്തിലേക്കുള്ള ശങ്കറിന്റെ അരങ്ങേറ്റം 1944-ൽ 35-ാം വയസിൽ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തുകൊണ്ടായിരുന്നു.1948-ൽ ആധുനിക ലോകചരിത്രത്തിലാദ്യമായി ഉല്പന്ന പിരിവിലൂടെയും ജനപങ്കാളിത്തത്തോടെയും ശ്രീനാരായണ കോളേജ് എന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ചുകൊണ്ട് ആർ. ശങ്കർ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തി. 1952- ൽ ശ്രീനാരായണ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ സെക്രട്ടറിയുമായി.

1948 ൽ തിരുവിതാംകൂർ നിയമസഭാംഗമായ ശങ്കർ, തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് മറ്റ് അഞ്ചു പേരുമായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെത്തി. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കോൺഗ്രസ് ആദ്യമായി 1960-ൽ അധികാരത്തിലേറിയപ്പോൾ ശങ്കർക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. ധനകാര്യമന്ത്രി എന്ന നിലയിൽ തുടർച്ചയായി അഞ്ചു ബഡ്ജറ്റുകൾ അവതരിപ്പിച്ച ശേഷമാണ് 1962–64 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായത്. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും കാര്യമായ മാറ്റമുണ്ടായിട്ടില്ല. കോൺഗ്രസ് നേതാക്കളായി ഈഴവ സമുദായത്തിൽ നിന്ന് ഉയർന്നുവന്നവരെയൊക്കെ ലക്ഷ്മണ രേഖയ്ക്കപ്പുറം നിറുത്താൻ പാർട്ടിയിലെ സവർണ, പിന്നാക്ക വിരുദ്ധ ലോബികൾ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയിൽ 28 ശതമാനത്തോളം ഈഴവരുണ്ടെങ്കിലും കോൺഗ്രസിൽ നിന്ന് രണ്ടാമതൊരു ഈഴവ മുഖ്യമന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്ന് കരുതാനുമാകില്ല. ന്യൂനപക്ഷ, സവർണ വിഭാഗങ്ങൾ സമ്പത്തിലും വിദ്യാഭ്യാസത്തിലും ബഹുദൂരം മുന്നേറിയപ്പോൾ ഈഴവ സമുദായത്തെ മാറിമാറി വന്ന ഭരണക്കാർ തഴയുന്ന രീതി ഇന്നും തുടരുന്നു.

ശങ്കർ തുടങ്ങിവച്ച വിദ്യാഭ്യാസ വിപ്ളവത്തിന്റെ തുടർച്ചയെന്നോണം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം വളർന്നു പന്തലിച്ച് വിദ്യാസുഗന്ധം പരത്തുന്നത്. ശങ്കറിന്റെ കാലഘട്ടം മുതലേ കോടതിയിൽ കേസ് കൊടുത്തും അപവാദ പ്രചാരണങ്ങളിലൂടെയും പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഇപ്പോഴും അത് തുടരുന്നു. എതിർപ്പുകളെയും ആക്ഷേപങ്ങളെയും മഹാനായ ആർ. ശങ്കർ എങ്ങനെ നേരിട്ടോ, അതേ മാതൃകയിൽ കർമ്മനിരതമാകാൻ ഇന്നത്തെ യോഗ നേതൃത്വം പ്രതിജ്ഞാബദ്ധമാണ്. യോഗത്തിനും ട്രസ്റ്റിനുമെതിരെ കോടതികളിൽ കേസുകൾ നൽകി അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കാനാണ് ചില ശക്തികൾ ഇന്നും ശ്രമിക്കുന്നത്. സമാനമായ ശക്തികൾ ശങ്കറിനെയും വിടാതെ പിന്തുടർന്നപ്പോൾ അതിന്റെ നഷ്ടം സംഭവിച്ചത് സമുദായത്തിനാണെന്നത് വിസ്മരിക്കരുത്.

TAGS: R SHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.