കൊച്ചി: ജീവിതത്തിൽ താങ്ങാനാവാത്തതിലും അധികം 'ഭാരം' ചുമക്കേണ്ടിവന്ന ഉമ്മ മനസിൽ നിറഞ്ഞുനിൽക്കുമ്പോൾ, 80 കിലോഗ്രാം ഉയർത്തുക നാഫിയയ്ക്ക് നിസാരമായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളയിലെ പവർലിഫ്റ്റിംഗ് താരം നാഫിയ ഇന്നലെ മെഡൽ നേടിയില്ലെങ്കിലും മത്സരം കണ്ടിരുന്നവരുടെ മനസിൽ ഇടം നേടി.
ജന്മനാപൊക്കം കുറവാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി നാഫിയയ്ക്ക്; മൂന്നരയടി. പാലക്കാട് നൂറുൽ ഹുദ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലെ ഓർഫനേജ് സ്കൂളായ മോഡൽ എച്ച്. എസിലെ പത്താം ക്ലാസിൽ. 43 കിലോ കാറ്റഗറിയിലാണ് മത്സരമെങ്കിലും ശരീരഭാരം 40 ലും താഴെ. കുറവുകളെല്ലാം പർവതം പോലെ മുന്നിൽ നിൽക്കെയാണ് മത്സരിക്കാനെത്തിയത്. മത്സരത്തിൽ പിന്നിലായെങ്കിലും നാഫിയയ്ക്ക് സങ്കടമില്ല. മുഖത്ത് നിറഞ്ഞ ചിരി. ഇതിലുംവലിയ സങ്കടക്കടൽ താണ്ടിയതു കൊണ്ടാകും ഇത്തിരിക്കുഞ്ഞൻ പരാജയത്തിൽ പരിഭവമില്ലാത്തത്.
നാഫിയയുടെ സങ്കടങ്ങൾ
നാഫിയ കുഞ്ഞായിരിക്കുമ്പോഴാണ് പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോകുന്നത്. പിന്നെ രണ്ട് ചേച്ചിമാരെയടക്കം നോക്കാൻ നാഫിയയുടെ ഉമ്മ ഫാത്തിമ ബീവി കഷ്ടപ്പെട്ടതിന് കൈയ്യും കണക്കുമില്ല.
പലഹാര നിർമ്മാണം മുതൽ ദോശമാവ് കച്ചവടം വരെ ചെയ്തു. അസുഖ ബാധിതയായി ശസ്ത്രക്രിയയ്ക്ക് വിധേയമായതോടെ ഉമ്മയ്ക്ക് ജോലി ചെയ്യാൻ കഴിയാതെയായി.
തുടർന്ന് സഹോദരി നഫ്രിൻ പഠനത്തോടൊപ്പം ജോലിക്ക് പോയാണ് കുടുംബം നോക്കുന്നത്.
ഒമ്പത് വയസിലാണ് നാഫിയ മോഡൽ എച്ച്. എസിൽ എത്തുന്നത്. കായികാദ്ധ്യാപിക ലിലിത പവർലിഫ്റ്റിംഗിലേക്ക് കൈപിടിച്ചു നടത്തി.
" മത്സരത്തിന് ഇറങ്ങുമ്പോൾ ആളുകളുടെ പരിഹാസത്തോടെയുള്ള നോട്ടം ആദ്യമെല്ലാം വിഷമിപ്പിച്ചിരുന്നു. തളരരുതെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു. പഠിച്ച് വക്കീലായി ഉമ്മയെ പൊന്നുംപോലെ നോക്കണം. പാലക്കാട് ഒരു കൊച്ചു വീടുവയ്ക്കണം.
- നാഫിയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |